
ബീഡി തെറുപ്പുകാര്‍ ബുക്ക് വായിച്ചു കേട്ടിരുന്നത് പഴയകാല ഓഡിയോ ബുക്ക് സംവിധാനം: മുഖ്യമന്ത്രി
വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയില്‍ പോലും വായന തളിര്‍ക്കുന്ന അനുഭവം നിലനില്‍ക്കുന്ന നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'ബീഡി തെറുത്തുകൊണ്ടിരിക്കെപ്പോലും പുസ്തകങ്ങള്‍ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുള്ള നാടാണു നമ്മുടേത്. ജോലി ചെയ്യുമ്പോള്‍ ഒരാള്‍ വായിച്ചു കൊടുക്കുക. ലോകം - ഓഡിയോ ബുക്കിനെക്കുറിച്ചു സങ്കല്‍പിക്കുന്ന കാലത്തിനും മുമ്പ് ഇങ്ങനെ മറ്റൊരു രൂപത്തില്‍ ഓഡിയോ ബുക്ക് സംവിധാനം ഏര്‍പ്പെടുത്തിയവരുടെ സംസ്ഥാനമാണിത്,' മുഖ്യമന്ത്രി പറഞ്ഞു.
'കേരളത്തില്‍ ഫിസിക്കല്‍ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇ-റീഡിങ് വന്നപ്പോള്‍ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണ് കേരളം. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ ബാക്ക് ബുക്ക് വിപ്ലവം, അതായത് ഗ്രന്ഥങ്ങള്‍ ജനസാമാന്യത്തിന് എന്ന തത്വം മുന്‍നിര്‍ത്തിയുള്ള അക്ഷര വിപ്ലവം സാധ്യമാക്കിയ നാടാണിത്,' മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തിന് ലോക പുസ്തക തലസ്ഥാന പദവി ലഭിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വച്ചു. 'യുനെസ്‌കോയ്ക്ക്, ഓരോ വര്‍ഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഡല്‍ഹി ഈ വിധത്തില്‍ ഒരിക്കല്‍ അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷന്‍സിന്റെ പുസ്തക തലസ്ഥാനം 'വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍' എന്ന പദവിക്ക് അര്‍ഹതയുണ്ടെങ്കില്‍ ആദ്യംതന്നെ പരിഗണനയ്ക്ക് വരേണ്ടത് നമ്മുടെ ഈ കേരളത്തിന്റെ നഗരങ്ങളാണ്. തലസ്ഥാനത്തിന് പുസ്തകോത്സവങ്ങളുടെ കൂടി തലസ്ഥാനമാവാനുള്ള സര്‍വ യോഗ്യതയുമുണ്ട്. ഇതിനായി യുനെസ്‌കോയ്ക്ക്, ഈ പുസ്തകോത്സവത്തിന്റെ ദൃഷ്ടാന്തം കൂടി മുന്‍നിര്‍ത്തി നിയമസഭാ സ്പീക്കര്‍ കത്തയക്കാവുന്നതാണ്,' മുഖ്യമന്ത്രി പറഞ്ഞു. യുനെസ്‌കോ അത് അംഗീകരിക്കുമെന്നും കോഴിക്കോട് ലോക സാഹിത്യ നഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തിന് അര്‍ഹമാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യു എന്‍ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങള്‍ ആരംഭിച്ച കേരളത്തിന്റെ തലസ്ഥാനത്തിനു യുനെസ്‌കോയുടെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ പദവി കിട്ടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.