
ആര്‍ ജി കര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി നിരസിച്ച് ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിരാഹാരസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സീനിയര്‍ ഡോക്ടര്‍മാരും അധ്യാപകരും കൂട്ടരാജിവെച്ചത്. എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തള്ളുകയായിരുന്നു. നിയമസാധുതയില്ല എന്ന് കാണിച്ചാണ് സര്‍ക്കാര്‍ കൂട്ടരാജി നിരസിച്ചത്.
നിലവില്‍, സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി രാജിവെക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിലാണ്.
ഓരോരുത്തരും വ്യക്തിഗതമായി രാജിനല്‍കാത്ത സാഹചര്യത്തില്‍ 'കൂട്ടരാജി' എന്ന പേരില്‍ നല്‍കിയിട്ടുള്ള പേപ്പറുകള്‍ നിയമപരമായി സ്വീകരിക്കാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് ആലാപന്‍ ബന്ദ്യോപാധ്യായ പറഞ്ഞു.
കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം, ആശുപത്രിയിലെ അഴിമതിയും ഭീഷണിയും തുടരുന്ന സംഘത്തെ ഇല്ലായ്മ ചെയ്യണം, ക്യാമ്പസില്‍ ജനാധിപത്യ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണം എന്നിവയാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യം.