
ബെംഗളൂരു ഐടി ജീവനക്കാരന്റെ ആത്മഹത്യ: ഭാര്യ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ഭാര്യയുടേയും കുടുംബത്തിന്റേയും പീഡനം കാരണം ബെംഗളൂരുവില്‍ 34 വയസ്സുള്ള ഐടി ജീവനക്കാരന്‍ സുഭാഷ് അതുല്‍ ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സുഭാഷിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ വിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ എന്നിവയെയാണ് ബെംഗളൂരു പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ നികിത ഒന്നാം പ്രതിയും അമ്മ വിഷ രണ്ടാം പ്രതിയും സഹോദരന്‍ അനുരാഗ് മൂന്നാം പ്രതിയുമാണ്. ശനിയാഴ്ച്ച രാവിലെ അറസ്റ്റ് ചെയ്ത ഇവരെ ബെംഗളൂരുവില്‍ എത്തിച്ചു. കോടതി ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. കേസില്‍ നികിതയുടെ ബന്ധുവായ സുശീല്‍ സിംഘാനിയയെ പൊലീസ് തിരയുന്നു.
ഭാര്യയുടേയും കുടുംബത്തിന്റേയും പീഡനം കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞ് അതുല്‍ കത്തെഴുതുകയും വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചിരുന്നു. അതുലും ഭാര്യയും വേറിട്ട് ജീവിക്കുകയായിരുന്നു, ഇവര്‍ക്കൊരു കുഞ്ഞുണ്ട്.


