TMJ
searchnav-menu
post-thumbnail

TMJ Daily

ബെംഗളൂരു-മൈസൂർ അതിവേഗ പാത വെള്ളക്കെട്ടിൽ

18 Mar 2023   |   1 min Read
TMJ News Desk

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഘോഷത്തോടെ ആറു ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂർ അതിവേഗ പാത വെള്ളത്തിനടിയിൽ ആയി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രാമനാഗര ജില്ലയിലെ ഭാഗത്തെ ഹൈവേ വെള്ളത്തിൽ മുങ്ങി. വെള്ളിയാഴ്ച രാത്രിയുണ്ടായ മഴയിലാണ് ഹൈവേ മുങ്ങുന്ന തരത്തിലെ വെള്ളക്കെട്ട് രൂപപ്പെട്ടത്. തുടർന്ന് ഒന്നിന് പുറകെ ഒന്നായി ഉണ്ടായ അപകടങ്ങളിൽ നിരവധി വാഹനങ്ങൾ കുടുങ്ങി.

വെള്ളക്കെട്ടിൽ മുങ്ങിയതിനെ തുടർന്ന് താൻ ഓടിച്ചിരുന്ന കാർ ഓഫയതോടെ അതിന് പുറകെ വന്ന ട്രക്ക് കാറിൽ ഇടിച്ചുവെന്നും, കാർ യാത്രക്കാരനായ വികാസ് ചോദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരാണ് ഇതിന് ഉത്തരവാദി. കാർ നന്നാക്കുന്നതിനുള്ള ചെലവു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വഹിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

8470 കോടി രൂപ ചെലവിൽ നിർമ്മിച്ച അതിവേഗ പാതയിൽ ഉദ്ഘാടനം കഴിഞ്ഞതിന്റെ മൂന്നാം ദിവസം തന്നെ കുഴികൾ രൂപപ്പെട്ടതും, പാത പൊളിഞ്ഞതും നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിർമ്മാണത്തിൽ നടന്ന വലിയ അഴിമതിയാണ് പാത ഇത്രവേഗം പൊളിയാൻ കാരണമെന്നു കർണ്ണാടകത്തിലെ പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. 40 ശതമാനം കമ്മീഷൻ സർക്കാർ ആണ് സംസ്ഥാനം ഭരിക്കുന്നതിന്റെ ഫലമാണ് ഹൈവേയുടെ ദുരവസ്ഥയെന്ന് കർണ്ണാടക കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാർ പറഞ്ഞു.

കർണ്ണാടകത്തിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ടു നിർമ്മാണത്തിന്റെ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പണി പൂർത്തിയാക്കിയതും ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും വിമർശകർ പറയുന്നു. ഉദ്ഘാടനത്തിന് മുമ്പ് ഹൈവേയുടെ സുരക്ഷയും ഗുണനിലവാരവും ആരാണ് പരിശോധിച്ചതെന്നു ബന്ധപ്പെട്ട അധികൃതർ വെളിപ്പെടുത്തണമെന്നു കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിൽപെട്ട ഒരു യാത്രക്കാരൻ പറഞ്ഞു.

ബെംഗളൂരു-മൈസൂർ യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങാൻ സഹായിക്കുന്നതാണ് പുതിയ പാത.  


#Daily
Leave a comment