
ഇനിയും സഹിക്കാനാകില്ല, ലെബനനെതിരായ ആക്രമണത്തെ ന്യായീകരിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ലെബനന് നേരെയുള്ള ഇസ്രായേല്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.'ഹിസ്ബുള്ള യുദ്ധത്തിന്റെ പാത തിരഞ്ഞെടുക്കുന്നിടത്തോളം, ഇസ്രായേലിന് മറ്റ് വഴികളില്ല, ഈ ഭീഷണി ഇല്ലാതാക്കാനും പൗരന്മാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാനും ഇസ്രായേലിന് എല്ലാ അവകാശവുമുണ്ട്, 'നെതന്യാഹു യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞു. ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ലോകരാജ്യങ്ങളുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്.
'ഏകദേശം ഒരു വര്‍ഷത്തോളമായി ഈ അസഹനീയമായ സാഹചര്യത്തിലൂടെ ഇസ്രായേല്‍ കടന്നു പോകുന്നത്, ക്ഷമയ്ക്ക് പരിധിയുണ്ട് എന്ന് പറയാനാണ് ഞാന്‍ ഇവിടെ എത്തിയത്.' എന്ന് നെതന്യാഹു പറഞ്ഞു. നെതന്യാഹുവിന്റെ ഈ പ്രഖ്യാപനത്തില്‍ നെതന്യാഹു അനുയായികള്‍ ഗ്യാലറിയലിരുന്ന ആഹ്ലാദപ്രകടനം നടത്തി. അതേസമയം, കൗണ്‍സിലില്‍ പങ്കെടുത്തിരുന്ന നിരവധി പ്രതിനിധികളാണ് നെതന്യാഹു പ്രസംഗപീഠനത്തിനടുത്തെത്തിയപ്പോള്‍ പുറത്തിറങ്ങി പോയത്. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണങ്ങള്‍ തുടരുകയാണ്.
ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇറാനാണെന്ന് നെതന്യാഹു ആരോപിച്ചു. ഗാസയിലെ ഹമാസിനും, ലെബനനിലെ ഹിസ്ബുല്ലയ്ക്കും, യമനിലെ ഹൂതികള്‍ക്കെതിരെയും ഇസ്രായേല്‍ നടത്തുന്നത് പ്രതിരോധം മാത്രമാണെന്നും അവകാശപ്പെട്ടു. ഇസ്രായേലിന്റെ കൈകള്‍ക്ക് എത്താന്‍ സാധിക്കാത്ത ഒരു സ്ഥലങ്ങളും ഇറാനില്‍ ബാക്കിയില്ല, കൂടുതല്‍ ധൈര്യത്തോടെ ഇസ്രായേല്‍ സൈന്യം പോരാടും ഈ അസംബ്ലിയില്‍ കൂടിയിരിക്കുന്നവരോടും ഈ ഹാളിന് പുറത്തുള്ള ലോകത്തോടും എനി്ക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്. ഇസ്രായേല്‍ വിജയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ആക്രമണത്തിലുണ്ടായ വര്‍ദ്ധനവ് ഇരുവശത്ത് നിന്നുമുള്ള സാധാരണക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടാക്കുമെന്ന് വാഷിംഗ്ടണ്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇസ്രായേല്‍ ഇത് തുടരുമെന്ന് നെതന്യാഹു പറയുന്നു. ഞങ്ങളുടെ ലക്ഷ്യങ്ങളെല്ലാം കൈവരിക്കുന്നത് വരെ ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുമെന്നും യുഎന്‍ അസംബ്ലിയില്‍ നെതന്യാഹു പറഞ്ഞു.
ഹമാസ് നേതാവ് സമി അബു സുഹ്രി, നെതന്യാഹുവിന്റെ പ്രസംഗത്തെ അപലപിച്ചു.'നെതന്യാഹുവിന്റെ പ്രസംഗം നുണകളും വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ്, ഹാളില്‍ നിന്ന് നിരവധി പ്രതിനിധികള്‍ പിന്‍വാങ്ങിയത് നെതന്യാഹുവിന്റെ നുണകള്‍ ഇനി ആരും വിശ്വസിക്കില്ല എന്ന സന്ദേശമാണ് നല്‍കുന്നത്,' അബു സുഹ്രി റോയിട്ടേഴ്സിനോട് പറഞ്ഞു.
'ഹമാസിനോട് കീഴടങ്ങാനുള്ള നെതന്യാഹുവിന്റെ ആഹ്വാനം അസംബന്ധമാണ്; കീഴടങ്ങല്‍ പ്രസ്ഥാനത്തിന്റെ പദാവലിയിലല്ല പ്രശ്‌നം അധിനിവേശത്തിന്റേതാണ്. നിലനില്‍പ്പിനായി, സ്വയം പ്രതിരോധിക്കുന്നവരുടേതല്ല,' അബു സുഹ്രി പറഞ്ഞു.