
ബെന്നി ഗാന്റ്‌സ് | PHOTO: FACEBOOK
ഇസ്രയേല്‍ വാര്‍ ക്യാബിനറ്റില്‍ നിന്നും രാജിവച്ച് ബെന്നി ഗാന്റ്‌സ്
ഇസ്രയേല്‍ വാര്‍ ക്യാബിനറ്റ് അംഗം ബെന്നി ഗാന്റ്‌സ് രാജിവച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്നും സ്വന്തം രാഷ്ട്രീയ അതിജീവനം മാത്രമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും ആരോപിച്ചാണ് രാജി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്റും ബെന്നി ഗാന്റ്‌സും ചേര്‍ന്നതാണ് ഇസ്രയേല്‍ ത്രീ മാന്‍ വാര്‍ ക്യാബിനറ്റ്.
നെതന്യാഹു പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും യുദ്ധത്തില്‍ യഥാര്‍ത്ഥ വിജയം നേടുന്നതിന് തടസ്സമാകുന്നത് നെതന്യാഹുവാണെന്നും ഗാന്റ്‌സ് പ്രതികരിച്ചു. നെതന്യാഹുവിന്റെ പ്രധാന വിമര്‍ശകനായ ഗാന്റ്‌സ് മുന്‍ സൈനിക മേധാവിയായിരുന്നു. ഒക്ടോബര്‍ 7 ന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷമാണ് ഗാന്റ്‌സ് ഇസ്രയേല്‍ വാര്‍ ക്യാബിനറ്റിന്റെ ഭാഗമാകുന്നത്. യുദ്ധാനന്തര ഗാസയ്ക്കായി നെതന്യാഹു ഒരു പുതിയ പദ്ധതി ആവിഷ്‌കരിച്ചെങ്കില്‍ ജൂണ്‍ 8 നകം സര്‍ക്കാരില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഗാന്റ്‌സ് പറഞ്ഞിരുന്നു.
ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഗാസ ഡിവിഷന്‍ ചുമതലയുണ്ടായിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ ആവി റോസെന്‍ഫീല്‍ഡും രാജിവച്ചിരുന്നു. ഒക്ടോബര്‍ 7 ലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു റോസെന്‍ഫീല്‍ഡിന്റെ രാജി.
യുഎന്‍ ബ്ലാക്ക് ലിസ്റ്റില്‍ ഇസ്രയേല്‍
സായുധ പോരാട്ടങ്ങളില്‍ കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തിയ രാജ്യങ്ങളുടെ ബ്ലാക്ക് ലിസ്റ്റില്‍ ഇസ്രയേലിനെ ഉള്‍പ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 15,500 ലധികം കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. സായുധ സംഘട്ടനങ്ങളില്‍ കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതിനായി രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യമെന്ന് യുഎന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ജൂണ്‍ 14 ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും യുഎന്‍ അറിയിച്ചിരുന്നു.


