REPRESENTATIVE IMAGE
പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്കു പകരം ഭാരതം: ബദല്‍ നീക്കത്തിനൊരുങ്ങി കേരളം
പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരതമാക്കുന്ന എന്‍സിഇആര്‍ടി നടപടിക്കെതിരെ കേരളം ബദല്‍ നീക്കത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ നിലനിര്‍ത്തി സ്വന്തം നിലയ്ക്ക് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ ഇറക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ സാങ്കേതിക പ്രശ്‌നമുണ്ടാകുമോ എന്നും പരിശോധിക്കും.
പേരുമാറ്റം കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കമെന്ന നിലയില്‍ കേരളം ഇതിനെ ശക്തമായി എതിര്‍ക്കും. ഇതിനിടെ വിവാദം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പേര് മാറ്റണമെന്ന സമിതി നിലപാട് സര്‍ക്കാരിന്റെതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.
ഭാരതം ആത്മാഭിമാനം വളര്‍ത്തും
എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് പാനലാണ് ഭാരത് എന്ന് ചേര്‍ക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സിഐ ഐസക് പറഞ്ഞു. എന്‍സിഇആര്‍ടി ഏഴംഗ ഉന്നതതല സമിതിയിലെ എല്ലാവരും ചേര്‍ന്നാണ് ശുപാര്‍പ നല്‍കിയതെന്നും പാനല്‍ തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനല്‍ പൊസിഷന്‍ പേപ്പറിലും ഇക്കാര്യം പരാമര്‍ശിച്ചതായും ഐസക് വ്യക്തമാക്കി. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഭാരതം എന്നുകൂടി പഠിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഭാരതം എന്ന പേര് ആത്മാഭിമാനം വളര്‍ത്തുമെന്നും ഐസക് പറഞ്ഞു.
പ്ലസ് ടു വരെയുള്ള സാമൂഹിക പാഠപുസ്തകങ്ങളിലാണ് മാറ്റത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവിധ യുദ്ധങ്ങളിലെ ഹിന്ദു വിജയങ്ങള്‍ക്ക് പാഠപുസ്തകങ്ങളില്‍ പ്രാധാന്യം നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നമ്മുടെ പരാജയങ്ങളാണ് നിലവില്‍ പാഠപുസ്തകങ്ങളില്‍. എന്നാല്‍ മുഗളന്മാര്‍ക്കും സുല്‍ത്താന്മാര്‍ക്കുമെതിരായ നമ്മുടെ വിജയങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. പേരുമാറ്റുന്നതിനായുള്ള നിര്‍ദേശം മാസങ്ങള്‍ക്ക് മുമ്പ് മുന്നോട്ടുവച്ചതാണെന്നും സിഐ ഐസക് പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം 2020 ന്റെ അടിസ്ഥാനത്തിലാണ് എന്‍സിഇആര്‍ടി സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്.
ഇന്ത്യയ്ക്കു പകരം ഭാരതം
സിബിഎസ്ഇ പാഠപുസ്തകങ്ങളില്‍ അടുത്തവര്‍ഷം മുതല്‍ മാറ്റം ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ചരിത്രകാരന്‍ സിഐ ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും സിഐ ഐസക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യ എന്ന പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതല്‍ ക്ലാസ്സിക്കല്‍ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനികകാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ അത്താഴവിരുന്നിനായുള്ള ഔദ്യോഗിക ക്ഷണക്കത്തോടെയാണ് പേര് മാറ്റ ചര്‍ച്ചകള്‍ സജീവമായത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഇന്ത്യന്‍ പ്രസിഡന്റ് എന്നതിനു പകരം ഭാരതത്തിന്റെ പ്രസിഡന്റ് എന്നാണ് പരാമര്‍ശിച്ചത്. കൂടാതെ ഡല്‍ഹിയില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്നാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.