TMJ
searchnav-menu
post-thumbnail

മല്ലികാര്‍ജുന്‍ ഖാര്‍ഗെ | PHOTO: WIKI COMMONS

TMJ Daily

ഭാരത് ജോഡോ ന്യായ് യാത്ര; അമിത് ഷായ്ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്

24 Jan 2024   |   1 min Read
TMJ News Desk

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കണമെന്നും, അസം സര്‍ക്കാര്‍ യാത്രയെ തടസ്സപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായ ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ എത്തിയതിന് പിന്നാലെ നിരവധി തടസ്സങ്ങളാണ് നേരിടുന്നത്. യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ അസം പോലീസിന് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടതിനോടൊപ്പം യാത്രയ്ക്ക് എതിരെ പ്രതിഷേധവുമായി എത്തുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കുകയാണ് അസം പോലീസ് ചെയ്യുന്നതെന്നും ഖാര്‍ഗെ കത്തില്‍ ആരോപിച്ചു. അസമിലെ വിവധ ജില്ലകളില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് പുറമേ അരുണാചല്‍ പ്രദേശിലുണ്ടായ അക്രമസംഭവങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് തടയുന്നതിനോടൊപ്പം പ്രകോപനമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ അസം പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അമിത് ഷായ്ക്ക് കത്തയച്ചത്. കത്തയച്ചതിനോടൊപ്പം സോഷ്യല്‍ മീഡിയയില്‍ കത്ത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് കേസെടുത്ത വിവരം പങ്കുവച്ചത്. രാഹുല്‍ ഗാന്ധിക്ക് പുറമെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കനയ്യ കുമാര്‍ തുടങ്ങി കണ്ടാലറിയുന്ന നേതാക്കള്‍ക്കെതിരെ പോലീസുകാരെ ആക്രമിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  

ഭാരത് ജോഡോ ന്യായ് യാത്ര

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ നിന്നും ജനുവരി പതിനാലിനാണ് ആരംഭിച്ചത്. മണിപ്പൂരില്‍ തുടങ്ങി മുംബൈയില്‍ സമാപിക്കുന്ന യാത്ര 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെ കടന്നുപോകും. കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ 3000 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായാണ് ന്യായ് യാത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സി പി ഐ (എം), സി പി ഐ, എ എ പി, ജെ ഡി യു ഉള്‍പ്പെടെയുള്ള പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു.


#Daily
Leave a comment