ഭീമ കൊറേഗാവ് | PHOTO: FACEBOOK
ഭീമ കൊറേഗാവ് കേസ്: ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുടെ ജാമ്യം ശരിവെച്ച് സുപ്രീം കോടതി
ഭീമ കൊറേഗാവ് കേസില്‍ വിചാരണ തടവില്‍ കഴിയുകയായിരുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുടെ ജാമ്യം ശരിവെച്ച് സുപ്രീം കോടതി. ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, എസ് എന്‍ വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുഎപിഎ 15-ാം വകുപ്പ് പ്രകാരം നവ്‌ലാഖ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നവ്‌ലാഖയുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും, കുറ്റം ചുമത്തിയിട്ടില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2020 ലാണ് നവ്‌ലാഖ അറസ്റ്റിലാകുന്നത്. ഭീമ കൊറേഗാവ് കേസില്‍ 16 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 2018 ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് ഗ്രാമത്തില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്. നവ്‌ലാഖയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് 2022 നവംബറില്‍ സുപ്രീം കോടതി വീട്ടുതടങ്കലിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കുന്നത്. ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിക്കുന്ന ഏഴാമത്തെ വ്യക്തിയാണ് നവ്‌ലാഖ.
സുധ ഭരദ്വാജിന് 2021 ലും ആനന്ദ് തെല്‍തുംബ്ഡെയ്ക്ക് 2022ലും വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷവും കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ വരവര റാവുവിനും കോടതി ജാമ്യം അനുവദിച്ചു. പ്രൊഫസര്‍ ഷോമ സെന്നിന് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം നല്‍കി. ഫാദര്‍ സ്റ്റാന്‍ സ്വാമി 2021 ജൂലൈയില്‍ ജയിലില്‍ കഴിയവെ മരിച്ചു.