TMJ
searchnav-menu
post-thumbnail

TMJ Daily

ഭോപാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡ് പരിസരത്തെ 337 ടണ്‍ വിഷ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്തു തുടങ്ങി

30 Dec 2024   |   1 min Read
TMJ News Desk

1984-ലെ ഭോപാല്‍ ദുരന്തത്തെ തുടര്‍ന്ന് 40 വര്‍ഷമായി യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് പരിസരത്ത് കുന്നുകൂടി കിടക്കുന്ന രാസവസ്തു മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ആരംഭിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. 337 ടണ്‍ വിഷ മാലിന്യമാണ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. തലസ്ഥാനമായ ഭോപാലില്‍ നിന്നും മാലിന്യം ഇന്‍ഡാറിന് സമീപമുള്ള പിതാംപൂര്‍ വ്യവസായ മേഖലയിലേക്കാണ് മാറ്റുന്നത്.

ഫാക്ടറി സ്ഥലത്തുള്ള മാലിന്യം ശേഖരിച്ച് പായ്ക്ക് ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഭോപാല്‍ വാതക ദുരന്തത്തിലെ ദുരിതാശ്വാസ വകുപ്പിന്റെ ഡയറക്ടര്‍ സ്വതന്ത്ര കുമാര്‍ സിങ് പറഞ്ഞു. കേന്ദ്ര മാലിന്യ നിയന്ത്രണ ബോര്‍ഡിന്റേയും മധ്യപ്രദേശ് മാലിന്യ നിയന്ത്രണ ബോര്‍ഡിന്റേയും മേല്‍നോട്ടത്തിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്.

പായ്ക്കിങ് കഴിഞ്ഞാല്‍, ഈ വിഷ, രാസ മാലിന്യത്തെ ധര്‍ ജില്ലയിലെ പിതാംപൂരിലെ ട്രീറ്റ്‌മെന്റ്, സംഭരണ, നിര്‍മ്മാര്‍ജ്ജന സൗകര്യത്തിലേക്ക് കൊണ്ടുപോകും. വായു കയറാത്ത കവറില്‍ പായ്ക്ക് ചെയ്യുന്ന മാലിന്യത്തെ വായു കടക്കാത്ത, പ്രത്യേകം തയ്യാറാക്കിയ 12 കണ്ടെയ്‌നറുകളില്‍ ശേഖരിക്കും. ഈ കണ്ടെയ്‌നറുകളെ 12 ട്രക്കുകളിലായി 250 കിലോമീറ്റര്‍ അകലെയുള്ള പിതാംപൂരിലേക്ക് കൊണ്ടുപോകുമെന്ന് സിങ് പറഞ്ഞു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ എപ്പോഴാണ് ഈ കണ്ടെയ്‌നറുകളെ ഫാക്ടറിയില്‍ നിന്നും പിതാംപൂരിലേക്ക് കൊണ്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേക പരിശീലനം ലഭിച്ച തൊഴിലാളികളാണ് മാലിന്യം ശേഖരിക്കുന്നതും പായ്ക്ക് ചെയ്യുന്നതും വാഹനങ്ങളില്‍ കയറ്റുന്നതും. ഈ തൊഴിലാളികള്‍ ഫാക്ടറിയില്‍ വസിക്കും. അവര്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ 8-9 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് പകരം 30-45 മിനിട്ടുകളുടെ ഷിഫ്റ്റിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സമയം രാസ മാലിന്യങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് അവരുടെ ആരോഗ്യത്തിന് ഹാനികരമം ആകും. മാലിന്യം നീക്കം ചെയ്യുന്നതിനെ തുടര്‍ന്ന് ധാരാളം ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഈ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍വേണ്ടി നാലാഴ്ച്ചത്തെ സമയം ഹൈക്കോടതി ഡിസംബര്‍ 8-ന് നല്‍കിയിരുന്നു.





#Daily
Leave a comment