TMJ
searchnav-menu
post-thumbnail

TMJ Daily

ഭോപ്പാൽ വിഷവാതക കൂട്ടക്കൊല: കൂടുതൽ നഷ്ടപരിഹാര ഹർജി സുപ്രീം കോടതി തള്ളി

14 Mar 2023   |   2 min Read
TMJ News Desk

ഭോപ്പാൽ വിഷവാതക കൂട്ടക്കൊലയുടെ ഇരകൾക്കുള്ള നഷ്ടപരിഹാരത്തിനായി  7844 കോടി രൂപ കൂടുതലായി നല്കാൻ ബന്ധപ്പെട്ട കമ്പനിക്ക് നിർദേശം നൽകണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജി തള്ളിയത്. കൂടുതൽ നഷ്ടപരിഹാര ആവശ്യമുന്നയിച്ചു രണ്ടു ദശകങ്ങൾക്ക് ശേഷം കോടതിയിൽ എത്തിയ നടപടിയുടെ യുക്തി വ്യക്തമായി വിശദീകരിക്കുവാൻ കഴിഞ്ഞില്ല എന്ന കാരണത്താലാണ് ഹർജി തള്ളിയത്.

1984 ഡിസംബറിൽ യൂണിയൻ കാർബൈഡ് എന്ന അമേരിക്കൻ കമ്പനിയുടെ ഭോപ്പാലിൽ സ്ഥിതി ചെയ്തിരുന്നു രാസവള നിർമ്മാണ ശാലയിൽ നിന്നുള്ള വിഷവാതക ചോർച്ചയിൽ 3000 ത്തിലധികം പേർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ നിത്യരോഗികൾ ആവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക അപകടമായി ഈ സംഭവം വിശേഷിപ്പിക്കപ്പെടുന്നു. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന 45 ടൺ മീഥെയിൽ ഐസോ സൈനേറ്റ് എന്ന മാരകവിഷമാണ് ചോർന്നതെന്നു കരുതപ്പെടുന്നു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പേജിൽ ഉള്ള ഏറ്റവും പുതിയ വിവരം അനുസരിച്ച് 1984 ഡിസംബർ 3 ന് രാത്രിയുണ്ടായ വിഷവാതക ചോർച്ചയിൽ 15000-20000 ഇടയിൽ ആളുകൾ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അഞ്ച് ലക്ഷത്തോളം മനുഷ്യർ വിഷവാതകം ശ്വസിച്ചതിന്റെ ഫലമായുണ്ടായ വിവിധ രോഗങ്ങളുമായി ഇപ്പോഴും ജീവിക്കുന്നു.

യൂണിയൻ കാർബൈഡ് എന്ന കമ്പനി ഇപ്പോൾ നിലവിൽ ഇല്ല. പ്രസ്തുത കമ്പനി ഏതാനും വർഷങ്ങൾക്ക് മുമ്പ് ഡൗ കെമിക്കൽസ് എന്ന മറ്റൊരു അമേരിക്കൻ കമ്പനി ഏറ്റെടുത്തു. ഭോപ്പാൽ ദുരന്തവുമായി തങ്ങൾക്കു ഉത്തരവാദിത്തം ഒന്നുമില്ലെന്ന വാദമാണ് ഡൗ കെമിക്കൽസ് ഉന്നയിക്കുന്നത്.

1989 ൽ 470 ദശലക്ഷം ഡോളർ (715 കോടി രൂപ അന്നത്തെ വിനിമയ നിരക്കിൽ) നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി യൂണിയൻ കാർബൈഡിന് നിർദേശം നൽകി. കാർബൈഡും, അന്നത്തെ കേന്ദ്ര സർക്കാരും കോടതി വിധി അംഗീകരിച്ചു. 3.3 ബില്യൺ ഡോളർ ആയിരിന്നു കേന്ദ്ര സർക്കാർ 1986 ൽ ഫയൽ ചെയ്ത കേസ്സിൽ നഷ്ടപരിഹാരമായി ആവശ്യപെട്ടിരുന്ന തുക. എന്നാൽ അതിൽ നിന്നും വളരെ കുറഞ്ഞ തുകയിൽ നഷ്ട പരിഹാരത്തിന് അന്നത്തെ കേന്ദ്ര സർക്കാർ സമ്മതിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരിന്നു. രജീന്ദർ പാഠക് എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരിന്നു 470 മില്യൺ ഡോളർ നഷ്ടപരിഹാരം എന്ന തീരുമാനത്തിൽ എത്തിയത്. 1 ബില്യൺ മുതൽ 2 ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം നൽകുവാൻ യൂണിയൻ കാർബൈഡ് സന്നദ്ധമായിരുന്നുവെന്ന് അക്കാലത്തെ പല മാധ്യമങ്ങളും വാർത്ത നല്കിയിരുന്നു.

കൂടുതൽ നഷ്ടപരിഹാരം നല്കാൻ ഡൗ കെമിക്കൽസിന് നിർദേശം നൽകണമെന്ന തിരുത്തൽ ഹർജി 2010 ഡിസംബറിലാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോടതികളും വിഷവാതകം ശ്വസിക്കുവാൻ ഇടവന്ന ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നു ഇരകളുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും ആരോപിക്കുന്നു.  

#Daily
Leave a comment