
ഇന്ത്യയുടെ 52ാമത് ചീഫ് ജസ്‌റ്റിസായി ഭൂഷൻ രാമകൃഷ്‌ണൻ ചുമതലയേറ്റു
ഇന്ത്യയുടെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷന്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ ബുദ്ധ മതക്കാരനായ ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്.
ഹിന്ദിയിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. ഇന്നലെ വിരമിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായി ചുമതലയേറ്റ അദ്ദേഹത്തിന് 2025 നവംബര്‍ 23 വരെ കാലാവധിയുണ്ട്.
മുംബൈ ഹൈക്കോടതിയില്‍ നിന്നും 2019 മേയ് 24നാണ് ഗവായി സുപ്രീംകോടതിയില്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. ബീഹാറിന്റെ മുന്‍ ഗവര്‍ണറും പ്രമുഖ ദളിത് നേതാവുമായ രാമകൃഷ്ണ സൂര്യഭാന്‍ ഗവായിയുടെ മകനാണ് ജസ്റ്റിസ് ഗവായ്. ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കിയ വിധി പറഞ്ഞ ജഡ്ജിയാണ് അദ്ദേഹം. അനുച്ഛേദം 370 റദ്ദാക്കിയത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുശേഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ദളിത് വിഭാഗത്തില്‍നിന്നുള്ള വ്യക്തിയാണ് ഗവായ്.
സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മെഹ്വാള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും ഗവായിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.


