TMJ
searchnav-menu
post-thumbnail

TMJ Daily

ബൈഡന്‍ ഭരണകൂടം മൂന്നാം ലോക യുദ്ധം ആഗ്രഹിക്കുന്നു: ട്രംപ് ജൂനിയര്‍

18 Nov 2024   |   1 min Read
TMJ News Desk

മേരിക്കന്‍ നിര്‍മ്മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യക്കുള്ളില്‍ ആക്രമണം നടത്താന്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈനെ അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബൈഡന്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ രംഗത്തു വന്നു.

'സമാധാനം സൃഷ്ടിക്കാനും ജീവന്‍ രക്ഷിക്കാനും എന്റെ പിതാവിന് അവസരം ലഭിക്കുന്നതിന് മുമ്പ് മൂന്നാം ലോകമഹായുദ്ധം നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു,' ട്രംപ് ജൂനിയര്‍ ഞായറാഴ്ച എക്‌സ്-ല്‍ എഴുതി.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിതാവിനൊപ്പം പ്രചാരണം നടത്തുകയും നിയുക്ത പ്രസിഡന്റിന്റെ ഭാവി മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ട്രംപ് ജൂനിയര്‍ ബൈഡന്‍ ഭരണകൂടത്തെ 'വിഡ്ഢികള്‍' എന്ന് വിശേഷിപ്പിച്ചു.

റഷ്യയുടെ തിരിച്ചടി ഭയന്ന് ബൈഡന്‍ ഭരണകൂടം നേരത്തെ യുക്രൈന്‍ അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര എടിഎസിഎംഎസ് മിസൈലുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിരുന്നു. എന്നാല്‍, നയം മാറ്റാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചതായി ഒന്നിലധികം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വൈറ്റ് ഹൗസും പെന്റഗണും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

റഷ്യയ്ക്കുള്ളില്‍ പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് സംഘര്‍ഷത്തില്‍ നാറ്റോയുടെ നേരിട്ടുള്ള ഇടപെടലായി കണക്കാക്കുമെന്ന് മോസ്‌കോ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഭീഷണികള്‍ക്ക് മറുപടിയായി ഉചിതമായ തീരുമാനങ്ങള്‍ റഷ്യ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.



#Daily
Leave a comment