റമദാനില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കഠിനമെന്ന് ബൈഡന്‍
വിശുദ്ധമാസമായ റമദാനില്‍ ഇസ്രയേലിനും ഹമാസിനുമിടയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നത് കഠിനമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഞ്ചുമാസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ റമദാനില്‍ കൈവരിക്കാനാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇത് കഠിനമാണെന്ന് തോന്നുന്നതായി ബൈഡന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ റമദാനില്‍ അക്രമങ്ങള്‍ അരങ്ങേറിയ കിഴക്കന്‍ ജറുസലേമില്‍ ഇത്തവണയും അക്രമം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് താന്‍ ആശങ്കാകുലനാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ഭക്ഷണ വിതരണത്തിനിടെ ഗാസയില്‍ അഞ്ച് മരണം
ആകാശമാര്‍ഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ സഹായപാക്കറ്റ് പെട്ടികള്‍ ദേഹത്തുവീണ് ഗാസയില്‍ അഞ്ച് മരണം. പാരച്യൂട്ട് വിടരാതെ താഴേക്കുപതിച്ചാണ് അപകടമുണ്ടായത്. സഹായംകാത്ത് താഴെ നിന്നവര്‍ക്കുമേലെ പാക്കറ്റുകള്‍ വീഴുകയായിരുന്നു. കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയില്‍ യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാര്‍ഗം സഹായവിതരണം നടത്തുന്നുണ്ട്. ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലം മൂന്നുകുട്ടികള്‍ കൂടി മരിച്ചു. പട്ടിണി മൂലം മരിച്ചവരുടെ എണ്ണം ഇതോടെ 23 ആയെന്ന് പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. റഫയിലെ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടെ 20 ശിശുക്കളാണ് മരിച്ചത്. അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ ഇസ്രയേല്‍ ആക്രമണം നടത്തരുതെന്നും അത് അംഗീകരിക്കാനാകില്ലെന്നും യുഎന്‍ അറിയിച്ചിട്ടുണ്ട്.