TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

ഗാസയിലെ 60,000 ഗര്‍ഭിണികള്‍ പോഷകാഹാരക്കുറവ് നേരിടുന്നതായി ആരോഗ്യമന്ത്രാലയം

08 Mar 2024   |   1 min Read
TMJ News Desk

ഗാസയില്‍ 60,000 ഗര്‍ഭിണികള്‍ പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും നേരിടുന്നതായി ആരോഗ്യമന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്ര അറിയിച്ചു. കൃത്യമായ ആരോഗ്യപരിരക്ഷ ലഭിക്കാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലൂടെയാണ് സ്ത്രീകള്‍ കടന്നുപോകുന്നതെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടികാട്ടി. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാനും ലോകമെമ്പാടുമുള്ള വനിത സംഘടനകളോട് പലസ്തീന്‍ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാനും അഷ്‌റഫ് അല്‍ ഖുദ്ര ആവശ്യപ്പെട്ടു.

മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുതെന്ന് ബൈഡന്‍

ഗാസയ്ക്കുള്ള മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുതെന്ന് ഇസ്രയേലിനോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലെ മാനുഷിക പ്രതിസന്ധിയെ ഇസ്രയേല്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഗാസയുടെ തീരപ്രദേശത്ത് സഹായം എത്തിക്കുന്നതിനായി യുഎസ് താല്‍കാലിക തുറമുഖം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ബൈഡന്‍ ഇസ്രയേല്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം അനുവദിക്കണമെന്നും നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന്  മുന്‍ഗണന ഉറപ്പാക്കണമെന്നും പറഞ്ഞു.

ഗാസയിലെ സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള പ്രാഥമികമായ കടമ ഇസ്രയേലിനുണ്ട്. ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനായും ബന്ദികളെ വിട്ടയയ്ക്കുന്നതിനായും താന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നെന്നും ബൈഡന്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു.  
യു.എന്‍ സുരക്ഷാസമിതിയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയങ്ങള്‍ വന്നപ്പോഴെല്ലാം അതിനെ വീറ്റോ ചെയ്യുന്ന നിലപാടാണ് യു.എസ് സ്വീകരിച്ചിരുന്നത്.




#Daily
Leave a comment