
മെസ്സിയുടെ ഇന്ത്യാ പര്യടന പരിപാടിയിൽ വലിയ വീഴ്ച
അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ‘GOAT ഇന്ത്യാ ടൂറി’ൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ജനക്കൂട്ടത്തെ നിയന്തിക്കാനാകാതെ സംഘാടക വീഴ്ചകളെ തുടർന്ന് ആയിരക്കണക്കിന് ആരാധകർ കടുത്ത നിരാശ പ്രകടിപ്പിച്ചു. പരിപാടി അവസാനിപ്പിച്ച് മെസ്സി വേദി വിട്ടതിന് പിന്നാലെ ചിലർ മൈതാനത്തിലേക്ക് കയറിയതോടെ സ്ഥിതിഗതികൾ നിയന്ത്രണം വിട്ടു.
രാവിലെ 9 മണിക്ക് ആരംഭിച്ച് നാല് മണിക്കൂർ നീളുന്ന പരിപാടിയായിരുന്നു കൊൽക്കത്തയിൽ നിശ്ചയിച്ചിരുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി പ്രമുഖർ അതിഥികളായി പട്ടികയിലുണ്ടായിരുന്നു. എന്നാൽ പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ അമിത തിരക്ക്, വ്യക്തമായ അറിയിപ്പുകളുടെ അഭാവം എന്നിവയെക്കുറിച്ച് ആരാധകർ പരാതിപ്പെട്ടിരുന്നു. ഇതോടെ രാവിലെ തന്നെ ചെറിയ തോതിൽ വേദിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. ഇതേസമയം 70 അടി ഉയരമുള്ള മെസ്സി പ്രതിമയുടെ വെർച്വൽ അനാച്ഛാദനം ഷാരൂഖ് ഖാനും മെസ്സിയും ചേർന്ന് നടത്തി.
പിന്നീട് ഇന്റർ മയാമി സഹതാരങ്ങളായ റോഡ്രിഗോ ഡി പോൾ, ലൂയിസ് സുവാരസ് എന്നിവരോടൊപ്പം മെസ്സി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തി. പശ്ചിമ ബംഗാൾ കായികമന്ത്രി അറൂപ് ബിശ്വാസ്, സംഘാടകൻ ശതദ്രു ദത്ത, മോഹൻ ബഗാൻ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ മെസ്സിക്കൊപ്പമുണ്ടായിരുന്നു. കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
മെസ്സി സ്റ്റേഡിയത്തിലെത്തി ആരാധകരെ അഭിവാദ്യം ചെയ്യാൻ തുടങ്ങിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. ഇതോടെ സുരക്ഷാസേനയ്ക്ക് സ്ഥിതി നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ് നിരവധി പേർ അപ്പോൾ തന്നെ സ്റ്റേഡിയം വിട്ടിരുന്നു.
സ്റ്റേഡിയത്തിലേക്ക് നിശ്ചയിച്ചതിലും അധികം ആളുകൾ കയറിക്കൂടിയതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണം വിട്ടതോടെ മെസ്സിയുടെ മുൻ നിശ്ചയിച്ച പരിപാടികൾ പൂർണമായും അവസാനിപ്പിച്ച്, വെറും 10 മിനിറ്റിനുള്ളിൽ തന്നെ മെസ്സി വേദി വിട്ടുപോകുകയുമായിരുന്നു.
പശ്ചിമ ബംഗാളിലെ എല്ലാ ജില്ലകളിൽ നിന്നുള്ള കുട്ടികളുമായുള്ള സംവാദ പരിപാടിയടക്കം റദ്ദാക്കിയാണ് മെസ്സിക്ക് നിശ്ചയിച്ചത്തിലും നേരത്തെ മടങ്ങേണ്ടി വന്നത്. ഇതോടെ ടിക്കറ്റിന് 20,000 രൂപ വരെ നൽകി എത്തിയ ആരാധകർ കടുത്ത രോഷം പ്രകടിപ്പിക്കാൻ തുടങ്ങി. മെസ്സി വേദി വിട്ടതോടെ ആരാധകരുടെ അസ്വസ്ഥത രൂക്ഷമായി.
പ്രകോപിതരായ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുകയും, വെള്ളക്കുപ്പികൾ എറിയുകയും, പോസ്റ്ററുകൾ കീറുകയും, ബോക്സ് കസേരകൾ നശിപ്പിക്കുകയും ചെയ്തു. അക്രമാവസ്ഥ ശക്തമായതിനെ തുടർന്ന്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, മുഖ്യമന്ത്രി മമത ബാനർജി, ഷാരൂഖ് ഖാൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ചില അനുഭാവികൾ സുരക്ഷ മറികടന്ന് മൈതാനത്തിലേക്ക് കയറിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി നിരുത്തരവാദിത്തപരമായ സംഘാടനത്തിൽ മെസ്സിയോടും കായിക പ്രേമികളോടും ക്ഷമാപണം നടത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
മെസ്സി വൈകീട്ടോടെ ഹൈദരാബാദിലേക്ക് യാത്ര ചെയ്യുമെന്നാണ് അറിയിപ്പ്. അവിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ചേർന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ‘GOAT കപ്പ്’ പ്രദർശന മത്സരത്തിൽ രേവന്ത് റെഡ്ഡി മെസ്സിയോടൊപ്പം പന്തുതട്ടും. തുടർന്ന് മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കും പര്യടനം തുടരും. 15 വരെയാണ് മെസ്സിയുടെ ഇന്ത്യ പര്യടനം.


