TMJ
searchnav-menu
post-thumbnail

TMJ Daily

ബിഹാർ ഡെപ്യൂട്ടി സിഎം വിജയ് കുമാർ സിൻഹയ്ക്ക് രണ്ട് ഇലക്ഷൻ ഐഡി നമ്പറുകൾ: തേജസ്വി യാദവ്

10 Aug 2025   |   1 min Read
TMJ News Desk

ബിജെപി നേതാവും ബിഹാർ ഡെപ്യൂട്ടി സിഎമ്മുമായ വിജയ് കുമാർ സിൻഹയ്ക്ക് രണ്ട് EPIC(ഇലക്ടർസ് ഫോട്ടോ ഐഡന്റിറ്റി കാർഡ്) നമ്പറുകളെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ രണ്ട് നമ്പറുകളും വച്ച് സെർച്ച് ചെയ്താൽ വിജയ് കുമാർ സിൻഹ രണ്ട് അസംബ്ലി മണ്ഡലങ്ങളിലെ വോട്ടറാണെന്ന് കാണാം. രണ്ട് മണ്ഡലത്തിലും രണ്ട് വയസ്സിലാണ് വിജയ് കുമാർ സിൻഹയുടെ പേരുള്ളത്. പാട്നയിലെ ബാങ്കിപ്പൂർ മണ്ഡലത്തിലും, ലഖിസരായി മണ്ഡലത്തിലുമാണ് സിൻഹയുടെ പേരുള്ളത്.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന(SIR) മൊത്തത്തിൽ വ്യാജമാണെന്ന് ആരോപിച്ച തേജസ്വി യാദവ്, എങ്ങനെയാണ് സിൻഹയുടെ പേര് രണ്ട് മണ്ഡലങ്ങളിൽ വന്നതെന്ന് ചോദിച്ചു. രണ്ട് മണ്ഡലങ്ങളിലും ചെന്ന് ഒരു ബൂത്ത് ലെവൽ ഓഫീസർ സിൻഹയുടെ ഒപ്പ് ശേഖരിച്ചിട്ടുണ്ടെന്ന് തേജസ്വി യാദവ് ആരോപിച്ചു.

വിജയ് കുമാർ സിൻഹയ്ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് പാട്നയുടെയും ലഖിസരായിയുടെയും ജില്ലാ അഡ്മിനിസ്ട്രേറ്റർമാരോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും തേജസ്വി യാദവ് ചോദിച്ചു. ബിജെപിയെ സഹായിക്കാനുള്ള ഉപകരണമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറരുതെന്ന് തേജസ്വി യാദവ് പറഞ്ഞു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സിൻഹ രാജി വയ്ക്കണമെന്നും, തിരിമറിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനും പങ്കുണ്ടെന്ന് തെളിഞ്ഞാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കമ്മീഷണർ മാപ്പ് പറയണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.


#Daily
Leave a comment