വാജ്‌പേയി പാര്‍ക്കിന്റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍; വിമര്‍ശനവുമായി ബിജെപി
പട്നയിലെ അടല്‍ ബിഹാരി വാജ്‌പേയി പാര്‍ക്കിനെ കോക്കനട്ട് പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍. വനം-പരിസ്ഥിതി വകുപ്പിന്റെതാണ് നടപടി. കങ്കര്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് മുമ്പ് കോക്കനട്ട് പാര്‍ക്ക് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
2018 ല്‍ വാജ്‌പേയി മരിച്ച ശേഷമാണ് പാര്‍ക്കിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. പേര് മാറ്റിയെങ്കിലും പാര്‍ക്കിലുണ്ടായിരുന്ന വാജ്‌പേയിയുടെ പ്രതിമയും പുറത്തുള്ള സൈന്‍ബോര്‍ഡും നീക്കം ചെയ്തിട്ടില്ല. പേര് മാറ്റിയ പുതിയ പാര്‍ക്ക് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും.
പ്രതിഷേധവുമായി ബിജെപി
പാര്‍ക്കിന്റെ പേരുമാറ്റം ബിഹാറില്‍ പുതിയ രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിയുടെ പേരുമാറ്റി പാര്‍ക്കിന്റെ പഴയ നേര് പുനഃസ്ഥാപിച്ച നടപടി ഹീനമാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് വിമര്‍ശിച്ചു. പേരുമാറ്റം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണിതെന്ന് ബിജെപി പ്രതികരിച്ചു. ഒരു വശത്ത് നിതീഷ് കുമാര്‍ വാജ്‌പേയിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍, മറുവശത്ത് അദ്ദേഹത്തിന്റെ മന്ത്രി തേജ് പ്രതാപ് പാര്‍ക്കിന്റെ പേര് മാറ്റുകയാണെന്ന് ബിജെപി വക്താവ് അരവിന്ദ് കുമാര്‍ സിംഗ് പറഞ്ഞു. ബിജെപി ഇതിനെ എതിര്‍ക്കുന്നുവെന്നും പാര്‍ക്കിന്റെ പേര് മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ളവരുടെ പേരിലുള്ള സ്മാരകങ്ങളും സ്ഥാപനങ്ങളും പുനര്‍നാമകരണം ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് ബിഹാറില്‍ സമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നത്.
പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി
ജവഹര്‍ലാല്‍ നെഹ്‌റു ജീവിച്ച തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥിതി ചെയ്യുന്ന നെഹ്‌റു സ്മാരക മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് കഴിഞ്ഞ ദിവസമാണ് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി മാറ്റിയത്. ഇന്ത്യ ഗവണ്‍മെന്റിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു മെമ്മോറിയില്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയെന്നാണ് പുനര്‍നാമകരണം ചെയ്തത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് ഒഴിവാക്കി സ്ഥാപനത്തിന്റെ പേര് മാറ്റുന്നതായി ജൂണ്‍ പകുതിയോടെ നടന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തില്‍ തീരുമാനമായിരുന്നു. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കൂട്ടായ യാത്രയെ ചിത്രീകരിക്കുകയും സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന മ്യൂസിയത്തിന്റെ ഈ പേര് സ്ഥാപനത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുമെന്ന് എന്‍എംഎംഎല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന് തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ആധുനികവും സമകാലികവുമായ ഇന്ത്യ എന്ന വിഷയത്തെക്കുറിച്ചുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണ് നെഹ്റു മെമ്മോറിയില്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി. ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ തീന്‍ മൂര്‍ത്തി ക്യാംപസിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1948 മുതല്‍ 1964 വരെ പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീന്‍ മൂര്‍ത്തി ഭവന്‍. 2022 ലാണ് ഇതു പുനര്‍നിര്‍മിക്കുന്നതും പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്യുന്നത്.