ബില്‍കിസ് ബാനു | PHOTO: PTI
ബില്‍കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി; 11 പ്രതികള്‍ വീണ്ടും ജയിലിലേക്ക്
ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ 11 പ്രതികളെയും വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍. ഇതോടെ പ്രതികള്‍ വീണ്ടും ജയിലിലേക്കു പോകും. ഗുജറാത്ത് സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം നടത്തിയാണ് ശിക്ഷായിളവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ല. കുറ്റകൃത്യം നടന്ന സ്ഥലത്തേക്കാള്‍ കേസിന്റെ വിചാരണ നടന്ന സ്ഥലത്തിനാണ് പ്രാധാന്യം. വിചാരണ നടന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമെന്നും ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കോടതിയെയും തെറ്റിദ്ധരിപ്പിച്ചു
പ്രതികള്‍ ശിക്ഷായിളവ് തേടി സുപ്രീംകോടതിയെ സമീപിച്ചത് പല കാര്യങ്ങളും മറച്ചുവച്ചാണ്. ഇക്കാര്യങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിന് അറിയാമായിരുന്നു. എന്നിട്ടും ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടുകയോ ഇടപെടുകയോ ചെയ്തില്ല. പ്രതികളുമായി ഒത്തുകളിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നിയമവ്യവസ്ഥയെ അട്ടിമറിച്ചു. ഇല്ലാത്ത അധികാരമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ 2022 ല്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതാണ്. ഇരയായ സ്ത്രീക്ക് നീതി ലഭ്യമാക്കണം. ശിക്ഷ പ്രതികാര നടപടി അല്ലെന്നും പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണെന്നും കോടതി വ്യക്തമാക്കി. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണമെന്നും തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ പ്രതികള്‍ സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. 2022 ഓഗസ്റ്റ് 15 നാണ് കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അര്‍ഹരായ തടവുകാരുടെ ശിക്ഷ ഇളവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബില്‍കിസ് കേസിലെ പ്രതികളെയും ജയില്‍ മോചിതരാക്കിയത്. പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലുകളില്‍ മടങ്ങിവരണമെന്നും കോടതി ഉത്തരവിട്ടു.
2002 മാര്‍ച്ച് 3നാണ് രാജ്യത്തിന്റെ അഭിമാനത്തെ ഹനിക്കുന്ന ബില്‍കിസ് ബാനു കേസിനു ആസ്പദമായ സംഭവം നടന്നത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ആക്രമണം. 30 ഓളം ആളുകള്‍ ചേര്‍ന്ന് ഇവരെ ക്രൂരമായി ആക്രമിച്ചു. ബില്‍കിസിനെയും മാതാവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും സ്വന്തം കുടുംബത്തിനു മുന്നിലിട്ട് അക്രമികള്‍ ബലാത്സംഗം ചെയ്തു. കൂട്ടത്തില്‍ ഉണ്ടായിരുന്ന മൂന്നു വയസ്സുള്ള സലോഹ എന്ന കുഞ്ഞിനെ അക്രമികള്‍ എറിഞ്ഞുകൊന്നു. ഈ സമയം അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു ബില്‍കിസ്. ഗര്‍ഭസ്ഥശിശുവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 17 അംഗ കുടുംബത്തിലെ എട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആറുപേരെ കാണാതായി. ബില്‍കിസ് ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചുവെന്ന് കരുതി ബില്‍കിസിനെയും കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.