TMJ
searchnav-menu
post-thumbnail

TMJ Daily

ബില്‍കീസ് ബാനു കേസ്: പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി

22 Mar 2023   |   1 min Read
TMJ News Desk

ബില്‍കീസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ആണ് നിര്‍ദേശം നല്‍കിയത്.

കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറിയ സാഹചര്യം ബില്‍കീസ് ബാനുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പുതിയ ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. കുറ്റവാളികളെ വിട്ടയച്ചതിനെതിരെ ടി.എം.സി എം.പി മൊഹുവ മൊയ്ത്ര അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.

2002 ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. കുറ്റവാളികള്‍ 15 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞെന്നും നല്ലനടപ്പായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോചനം.

ശിക്ഷയിളവ് നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ച് 11 പ്രതികളെയും വിട്ടയയ്ക്കുകയായിരുന്നു. പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നായിരുന്നു തീരുമാനം. 

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബില്‍കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണം. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടാതെ ഇവരുടെ കുടുംബത്തിലെ ഏഴു സ്ത്രീകളെ അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു.


#Daily
Leave a comment