ബിൽക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിൽ വിമർശിച്ച് സുപ്രിം കോടതി
ബിൽക്കീസ് ബാനു കേസിലെ ഇതുവരെയുള്ള വിധികൾ വലിയ കുറ്റകൃത്യപരമെന്ന് സുപ്രീം കോടതി വിമർശിച്ചു. കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ബിൽക്കീസ് ബാനുവിന്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചു.
പതിനൊന്ന് പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കീസ് ബാനു നല്കിയ ഹർജിയും മറ്റ് പൊതുതാൽപര്യഹർജികളും പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിരവധി പേർ മോചനമില്ലാതെ ജയിലുകളിൽ കഴിയുമ്പോൾ കേസിലെ 11 പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമുണ്ടോയെന്നും കോടതി ആരാഞ്ഞു.
പ്രതികളെ ജയിൽ മോചിതരാക്കിയത് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയെന്ന് സർക്കാർ അഭിഭാഷകർ അറിയിച്ചു. തുടർന്ന് ഹർജിയിൽ ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനും കേസിലെ പ്രതികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. അടുത്ത വാദത്തിന് മുമ്പ് ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും ഇരു സർക്കാരിനോടും കോടതി നിർദേശിച്ചു. കേസിൽ ബൃന്ദാ കാരാട്ട് അടക്കം നല്കിയ പൊതുതാല്പര്യഹർജിയിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 18ന് കേസിൽ വിശദവാദം കേൾക്കുമന്ന് കോടതി അറിയിച്ചു.
കഴിഞ്ഞ ദിവസം ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ കേസിലെ പ്രതികളിലൊരാൾ ബിജെപി എംപിക്കും എംഎൽഎയ്ക്കുമൊപ്പം വേദി പങ്കിട്ട സാഹചര്യം വിമർശനങ്ങൾക്കിടയായിരുന്നു. ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാളാണ് ബിജെപി നേതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ നേതാക്കൻമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.