
സംസ്ഥാനത്ത് 12 ഇടങ്ങളിൽ പക്ഷിപ്പനി
ആലപ്പുഴ, കോട്ടയം ജില്ലകളിലായി 12 ഇടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിത മേഖലകളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം. ആലപ്പുഴയിൽ മാത്രം 19,811 പക്ഷികളെയാണ് കൊല്ലുന്നത്. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെയാണ് കൊന്നൊടുക്കുന്നത്.
ക്രിസ്തുമസ്–പുതുവത്സര വിപണി ലക്ഷ്യമിട്ട് കർഷകർ തയ്യാറെടുക്കുന്നതിനിടെയാണ് രോഗബാധ കണ്ടെത്തിയത്. ആയിരക്കണക്കിന് താറാവുകളെ നശിപ്പിക്കേണ്ടിവരുന്നതോടെ കർഷകരുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണുണ്ടാകുന്നത്. ദേശാടന പക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കൂടുതൽ ഇടങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ കർശന മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി. പക്ഷികൾ അസ്വാഭാവികമായി ചത്താൽ ഉടൻ മൃഗാശുപത്രികളെ അറിയിക്കണമെന്നും, മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.


