TMJ
searchnav-menu
post-thumbnail

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് | Photo: PTI

TMJ Daily

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ സൈബർ ആക്രമണത്തിൽ ബിജെപിക്ക് പങ്ക്; വെളിപ്പെടുത്തി പുതിയ പഠനം

31 May 2023   |   3 min Read
TMJ News Desk

മൂഹ മാധ്യമങ്ങളിലൂടെയുള്ള ട്രോളുകളും ഓൺലൈൻ സൈബർ ആക്രമണങ്ങളും ദിനംപ്രതി വർധിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ 'ആഭ്യന്തര ശത്രുവായും' 'വിദേശ ഏജന്റായും' ജനാധിപത്യത്തിന് ഭീഷണിയായും അവതരിപ്പിക്കുന്ന സോഷ്യൽ മീഡിയ ട്രോളുകൾ സജീവമാകുകയാണ്. ഈ നീക്കത്തിനു പിന്നിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് ബന്ധമുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കി.

ചന്ദ്രചൂഡിന്റെ 'വിധികളും നിലപാടുകളും ജനാധിപത്യത്തിന് ഭീഷണിയാണെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും മിഷിഗൺ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇൻഫർമേഷനിലെ അസോസിയേറ്റ് പ്രൊഫസറായ ജോയോജീത് പാലിന്റെ 'ഇന്ത്യാസ് ഫ്യൂഡ് വിത്ത് ചന്ദ്രചൂഡ്' എന്ന പഠനത്തിൽ പരാമർശിച്ചു. ഇന്ത്യൻ ജനാധിപത്യത്തിനും സാമൂഹിക വ്യവസ്ഥകൾക്കും വിരുദ്ധമായി, ആഗോളതാത്പര്യങ്ങളും ലിബറൽ ചിന്തകളും മാത്രം സംരക്ഷിച്ചുകൊണ്ടാണ് എസ് ചന്ദ്രചൂഡ് നിലപാടുകൾ സ്വീകരിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തി.  

പഠനത്തിനായി 2023 ജനുവരി 1 നും ഏപ്രിൽ 20 നും ഇടയിലുള്ള ട്വീറ്റുകൾ പരിശോധിക്കുമ്പോൾ, ചന്ദ്രചൂഡിനെതിരെയുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത് ഇസ്‌കോൺ മതഗ്രൂപ്പിന്റെ വക്താവ് രാധാരമൺ ദാസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്ന രാം പ്രസാദ്, മോദി അനുകൂല സൈറ്റായ ഒപ്ഇന്ത്യയിലെ കമന്റേറ്ററും കോളമിസ്റ്റുമായ അഭിജിത് അയ്യർ-മിത്ര എന്നിവരാണ്.

സുപ്രീം കോടതിയിൽ പ്രധാന വിധി പുറപ്പെടുവിക്കുന്ന ദിവസങ്ങളിലാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ട്രോളുകൾ വർധിക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ചന്ദ്രചൂഡിനെതിരെ വിമർശനങ്ങളുയരുന്നതിന്റെ മറ്റൊരു പ്രധാന കാരണം ഹിന്ദു വിരുദ്ധ മൂല്യങ്ങൾ സമൂഹത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ്. പ്രധാനമായും അദ്ദേഹത്തിന്റെ ശബരിമല സ്ത്രീ പ്രവേശനത്തിന് അനുമതി നല്കിക്കൊണ്ടുള്ള വിധിക്കും സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ തീരുമാനവും ഉയർത്തിക്കാട്ടിയാണ് ഹിന്ദു മത വിരുദ്ധനായി പ്രചരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾ ഉൾപ്പെടുന്ന വിധിന്യായങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന അദ്ദേഹം രാജ്യത്തെ ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോൾ ഉദാസീനനാകുന്നുവെന്നും ട്രോളുകളിലൂടെ പ്രചരിക്കുന്നതായി ഗവേഷകർ പറഞ്ഞു. ഇതിലൂടെ സമൂഹത്തിൽ അദ്ദേഹത്തിനെതിരെ തെറ്റായ സന്ദേശങ്ങൾ നല്കപ്പെടുകയാണ്.

പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബിജെപി ആരോപിക്കുന്ന നെപോട്ടിസം ചന്ദ്രചൂഡിനെതിരെയും ആരോപിക്കുന്നുണ്ട്. 1978 മുതൽ 1985 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന പിതാവ് വൈ വി ചന്ദ്രചൂഡിനെ ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ കരിയറിനെ അപകീർത്തിപ്പെടുത്താൻ ബിജെപി ചായ്വുള്ളവർ ശ്രമിക്കുന്നുണ്ട്. മുൻ ചീഫ് ജസ്റ്റിസായിരുന്ന ബിഎൻ കിർപാലിന്റെ മകനായ സൗരഭ് കിർപാലിനെ ഹൈക്കോടതി ജഡ്ജിയായി ശുപാർശ ചെയ്തതിന് ചന്ദ്രചൂഡിനെതിരായ ട്രോളുകൾ നിരവധിയായിരുന്നു. സൗരഭ് കിർപാൽ സ്വവർഗ്ഗാനുരാഗിയാണ്. ആ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിനെ നാമനിർദ്ദേശം ചെയ്യുന്നതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എതിർത്തിരുന്നു.

മാത്രമല്ല, കൊളീജിയം സംവിധാനത്തിന് കീഴിൽ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥലമാറ്റങ്ങളും തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാരാണ്. എന്നാൽ അവരുടെ തീരുമാനങ്ങളെ കേന്ദ്ര സർക്കാർ അംഗീകരിക്കാതിരുന്നതും വിവാദങ്ങൾ സൃഷ്ടിച്ചു. കൊളീജിയത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യമില്ലായെന്നും ഈ വ്യവസ്ഥിതി മാറ്റാനാണ് ബിജെപി ശ്രമിച്ചതെന്നുമാണ് കേന്ദ്രസർക്കാർ നല്കുന്ന വിശദീകരണം. കേന്ദ്രസർക്കാരിനെ പിന്തുണച്ച്  '#Casteist_Collegium', '#Ban_Casteist_Collegium' തുടങ്ങിയ ഹാഷ്ടാഗുകൾ ബിജെപി സൈബർ സെൽ അക്കൗണ്ടുകൾ ഉപയോഗിച്ചതായും പഠനങ്ങൾ ചൂണ്ടിക്കാട്ടി.

ട്രോൾ ആക്രമണം, നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഓൺലൈൻ ട്രോളിംഗിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 13 പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് മെയ് ആദ്യ വാരത്തിൽ കത്തെഴുതിയിരുന്നു. മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിലും ഗവർണറുടെ നടപടിയിലുമുണ്ടായ തെറ്റ് ചൂണ്ടിക്കാട്ടിയുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ തുടർന്നായിരുന്നു ബിജെപി പ്രവർത്തകരുടെ ട്രോൾ ആക്രമണം.

കോൺഗ്രസ് എംപി വിവേക് തൻഖ എഴുതിയ കത്ത്, പാർട്ടി എംപിമാരായ ദിഗ്വിജയ സിംഗ്, ശക്തിസിൻഹ് ഗോഹിൽ, പ്രമോദ് തിവാരി, അമീ യാഗ്‌നിക്, രഞ്ജീത് രഞ്ജൻ, ഇമ്രാൻ പ്രതാപ്ഗർഹി, ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദ, ശിവസേന (യുബിടി) അംഗം പ്രിയങ്ക ചതുർവേദി, സമാജ് വാദി പാർട്ടി അംഗങ്ങളായ ജയ ബച്ചനും രാം ഗോപാൽ യാദവും പിന്തുണച്ചു. ഇതേ വിഷയത്തിൽ ഇന്ത്യൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് തൻഖ പ്രത്യേകം കത്തെഴുതി. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാൻ വിശ്വാസവോട്ടെടുപ്പിന് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര മുൻ ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നടപടിയെ വിമർശിച്ചതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസിനും ജുഡീഷ്യറിക്കുമെതിരെ ഓൺലൈൻ ട്രോളുകൾ വർധിച്ചതെന്ന് കത്തിൽ ആരോപിക്കുന്നു.

2021 നവംബർ 26 ന് ഭരണഘടനാ ദിനത്തിൽ മുൻ സിജെഐ എൻ വി രമണ, 'മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ' ജുഡീഷ്യറിക്ക് നേരെയുള്ള 'വർദ്ധിച്ചുവരുന്ന' ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കരുതിക്കൂട്ടിയ ഈ ആക്രമണങ്ങളെ കേന്ദ്ര ഏജൻസികൾ ഫലപ്രദമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാർക്കെതിരായ സോഷ്യൽ മീഡിയ വിമർശനം തടയാൻ നിയമം വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രമണ തനിക്ക് കത്തെഴുതിയതായി മുൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. എന്നാൽ, നിയമനിർമ്മാണത്തിലൂടെ ജഡ്ജിമാരുടെ വിമർശനം നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിധികളിൽ വ്യത്യസ്തത പുലർത്തുന്ന ന്യായാധിപൻ

ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് 2022 നവംബർ 10നാണ് ചുമതലയേറ്റത്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാൽവാണെന്ന ഒറ്റ പരാമർശമാണ് ചന്ദ്രചൂഡിനെ വ്യത്യസ്തനാക്കുന്നത്. പിതാവും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ പാത പിൻതുടർന്നാണ് നിയമരംഗത്തേക്ക് കാൽവെക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം, പൗരന്റെ സ്വകാര്യത, ആധാർ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറത്തിറക്കിയ സുപ്രധാന വിധികളിൽ എല്ലാം ജ. ചന്ദ്രചൂഡിന്റെ വ്യത്യസ്തമായ പരാമർശങ്ങളുണ്ടായിരുന്നു.

സുപ്രധാനകേസുകളിലെ വിധികളിലൂടെയും, നിരീക്ഷണങ്ങളിലൂടെയും ചന്ദ്രചൂഡ് എന്നും വാർത്തകളിൽ ഇടംനേടി. സ്ത്രീകളുടെ ആരാധനാവകാശത്തെ ഇല്ലാതാക്കാൻ മതങ്ങൾക്ക് കഴിയില്ലെന്ന് ശബരിമലയിലെ സ്ത്രീപ്രവേശന വിധിയിലെ പരാമർശം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന് പങ്കാളിത്തമുണ്ടായിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചും വിവാഹേതരബന്ധം ക്രിമിനൽ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കിയും പിതാവ് വൈ വി ചന്ദ്രചൂഡിന്റെ വിധികൾ ഡി വൈ ചന്ദ്രചൂഡ് രണ്ടുതവണ തിരുത്തി. ദില്ലി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ ഡി വൈ ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. 2016 മെയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2024 നവംബർ പത്ത് വരെയാണ് ചന്ദ്രചൂഡിന്റെ ചീഫ് ജസ്റ്റിസായുള്ള കാലാവധി


#Daily
Leave a comment