
കോണ്‍ഗ്രസ് കൂടി പങ്കാളിയായി മാത്രമേ ബിജെപിയെ തോല്‍പ്പിക്കാനാകൂ: എം എ ബേബി
കോണ്‍ഗ്രസ് കൂടി പങ്കെടുത്തുള്ള സമരത്തിലൂടെയേ ഇന്ത്യയില്‍ ബിജെപിയെ തോല്‍പ്പിക്കാനാകൂവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു ബേബി.
കോണ്‍ഗ്രസിനോട് സിപിഐഎമ്മിന് വിമര്‍ശനങ്ങളുണ്ടെന്നും നയങ്ങളില്‍ വ്യക്തതയില്ലാത്ത പാര്‍ട്ടിയാണതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കോണ്‍ഗ്രസിനെ കൂടാതെ, തനിച്ച് ബിജെപിയെ തോല്‍പ്പിക്കാം എന്ന ധാരണ സിപിഐഎമ്മിനില്ലെന്നും അത് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും ബേബി പറഞ്ഞു.
ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന കടമ ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുകയാണെന്നും കൂടാതെ, അവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ കോശങ്ങളില്‍ കുത്തിനിറച്ച വെറുപ്പും വിദ്വേഷവും വര്‍ഗീയവിഷവും ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ സിപിഐഎമ്മും ഇടതുപാര്‍ട്ടികളും പ്രതിജ്ഞാബദ്ധമാണെന്നും ബേബി പറഞ്ഞു.
ബിജെപിയേയും അവരുടെ നവ ഫാസിസ്റ്റ് നയങ്ങളേയും ചെറുക്കാന്‍ ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും ഉത്തരവാദിത്വബോധവും ജാഗ്രതയും പക്വതയും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യത്തിലും ഇന്ത്യയില്‍ 30 ശതമാനം വോട്ട് സ്വന്തമാക്കാനുള്ള ശേഷി സംഘപരിവാറിനുണ്ടെന്നും ഇത് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.