
എന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിയല്ല ബിജെപി: ശശി തരൂര്‍
രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഹിമന്ത ബിശ്വ ശര്‍മ്മയടക്കം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ എക്സ്പ്രെസിന് അനുവദിച്ച പോഡ്കാസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം കേന്ദ്രമന്ത്രി പീയുഷ് ഗോയലിനൊപ്പം നില്‍ക്കുന്ന ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിയല്ലെന്നും ഓരോ പാര്‍ട്ടിക്കും ഓരോ വിശ്വാസവും ചരിത്രവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍നിന്നും മാറി സ്വതന്ത്രനായി നില്‍ക്കാനുള്ള സാധ്യത എല്ലാ വ്യക്തിക്കുമുണ്ടെന്നും കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താനൊരു ജ്യോതിഷിയല്ലെന്ന് കോണ്‍ഗ്രസിലായിരിക്കുമോ തരൂരിന്റെ ഭാവിയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കേരളത്തിന്റെ വിഷയത്തില്‍ കുറച്ചുകൂടി ഇടപെടണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു.
'സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രം നമുക്ക് ജയിക്കാനായില്ല. എപ്പോഴും പിന്തുണ തരുന്നവരുടെ വോട്ടിന് അപ്പുറത്തേക്കുള്ള വോട്ടുകള്‍ പിടിച്ചാലേ അധികാരത്തിലെത്താന്‍ കഴിയൂ. തിരുവനന്തപുരത്ത് തന്റെ സംസാരവും പെരുമാറ്റവും കണ്ടിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇഷ്ടപ്പെടാത്തവര്‍ പോലും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ അവിടെ ജയിച്ചിട്ടുണ്ടാകില്ല. അതാണ് 2026ല്‍ വേണ്ടത്,' തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം ഒരു സെക്കന്റ് പോലും വൈകാതെയാണ് താന്‍ യെസ് പറഞ്ഞതെന്ന് തരൂര്‍ വെളിപ്പെടുത്തി. സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങും രമേശ് ചെന്നിത്തലയുമൊക്കെയാണ് തന്നെ കോണ്‍ഗ്രസില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.