PHOTO: PTI
ഹിമാചലില്‍ ഓപ്പറേഷന്‍ താമരയ്‌ക്കൊരുങ്ങി ബി.ജെ.പി
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ബി.ജെ.പി. സംസ്ഥാന ബജറ്റിന്മേല്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറെ കാണുകയും ചെയ്തു. ബജറ്റിന്മേലുള്ള വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ മാറ്റണമെന്ന ആവശ്യവുമായി ഇരുപതോളം കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രംഗത്തെത്തിയിട്ടുമുണ്ട്.
ഹിമാചല്‍ പ്രദേശിലെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡി.കെ.ശിവകുമാറിനെയും ഭൂപിന്ദര്‍ സിങ് ഹൂഡയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഹിമാചലിലെ പ്രതിസന്ധി കോണ്‍ഗ്രസിന് തിരിച്ചടിയാണ്.
ബി.ജെ.പിയുടെ നീക്കങ്ങള്‍ രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലെ
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലുണ്ടായ ക്രോസ് വോട്ടിങ്ങാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 6 എം.എല്‍.എ മാരാണ് ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തത്. 68 അംഗങ്ങളുള്ള നിയമസഭയില്‍ 35 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടത്. കോണ്‍ഗ്രസിന് നിലവിലുള്ളത് 40 അംഗങ്ങളും.