
അരവിന്ദ് കെജ്‌രിവാളിനെ ബിജെപി കൊല്ലാന്‍ ശ്രമിക്കുന്നു: ഡല്‍ഹി മുഖ്യമന്ത്രി
ബിജെപി ഗുണ്ടകളെ അയച്ച് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ഇന്നലെ കെജ്‌രിവാളിന്റെ കാറിനുനേരെ കല്ലേറ് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അതിഷിയുടെ പ്രസ്താവന വന്നത്.
ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രവേശ് വര്‍മ്മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്‌രിവാളിന്റെ കാറിനെ ചുടുകട്ടയും കല്ലുകളും എറിഞ്ഞ് ആക്രമിക്കുന്നു എന്ന് ആരോപിച്ചു കൊണ്ടുള്ള വീഡിയോ ദൃശ്യം എഎപി നേരത്തെ പുറത്ത് വിട്ടിരുന്നു.
ആ കല്ലുകള്‍ ആരുടെയെങ്കിലും ദേഹത്ത് കൊണ്ടിരുന്നുവെങ്കില്‍ അത് മരണകാരണമാകുമായിരുന്നുവെന്ന് അതിഷി പറഞ്ഞു. കെജ്‌രിവാളിനെ ആക്രമിക്കാന്‍ ക്രൂരന്‍മാരായ ക്രിമിനലുകളെ അയച്ചുവെന്ന് അവര്‍ ആരോപിച്ചു.
പര്‍വേശ് വര്‍മ്മയുമായി ബന്ധമുള്ള മൂന്ന് പേരുകള്‍ അവര്‍ പുറത്ത് വിട്ടു. ഇവര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി സീറ്റില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയാണ് വര്‍മ്മ.
ശങ്കി എന്ന രാഹുല്‍, രോഹിത് ത്യാഗി, സുമിത് എന്നീ പേരുകളാണ് അവര്‍ പുറത്ത് വിട്ടത്. പര്‍വേശ് വര്‍മ്മയ്‌ക്കൊപ്പം എപ്പോഴും ഉണ്ടാകാറുള്ള വ്യക്തിയാണ് രാഹുല്‍ എന്നും വര്‍മ്മയുടെ പ്രചാരണത്തില്‍ രാഹുലിന് പങ്കുണ്ടെന്നും അതിഷി പറയുന്നു. ഏഴ് വര്‍ഷം തടവ് ലഭിക്കാന്‍ സാധ്യതയുള്ള കൊള്ളക്കേസ്, രണ്ട് വര്‍ഷം തടവ് ലഭിക്കാന്‍ സാധ്യതയുള്ള ആയുധ നിയമം എന്നിവ ഇയാള്‍ക്കെതിരെ ഉണ്ട്.
മോഷണ കേസ്, കൊലപാതക ശ്രമകേസ് എന്നിവ രോഹിതിന് എതിരെ ഉണ്ട്. സുമിതിന് എതിരെയും സമാനമായ കേസുകള്‍ ഉണ്ടെന്ന് അതിഷി ആരോപിച്ചു.
കെജ്‌രിവാളിനെ ആക്രമിച്ചത് സാധാരണ ബിജെപി പ്രവര്‍ത്തകരല്ലെന്നും പരിശീലനം ലഭിച്ച ഗുണ്ടകളും ക്രിമിനലുകളുമാണെന്ന് അതിഷി ആരോപിച്ചു.


