
കോണ്‍ഗ്രസ് നേതാവ് സന്ദര്‍ശിച്ച ക്ഷേത്രം ബിജെപി നേതാവ് ശുദ്ധീകരിച്ചു
കോണ്‍ഗ്രസ് നേതാവായ ടിക്കാറാം ജല്ലി സന്ദര്‍ശിച്ച ക്ഷേത്രത്തില്‍ ബിജെപി നേതാവായ ഗ്യാന്‍ ദേവ് അഹൂജ ഗംഗാ ജലം തളിച്ച് 'ശുദ്ധീകരിച്ചു'. രാജസ്ഥാനിലെ ആള്‍വാറിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ടിക്കാറാം പങ്കെടുത്തിരുന്നു.
ദളിതര്‍ക്കെതിരായ ആക്രമണമാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ വര്‍ഷം അയോധ്യയില്‍ നടന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തില്ലെന്നും ചടങ്ങ് ബഹിഷ്‌കരിച്ചുവെന്നും അതിനാല്‍ അവര്‍ക്ക് അത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നുമാണ് ഗ്യാന്‍ ദേവിന്റെ വാദം. ടിക്കാറാം ദളിതനായത് കൊണ്ടല്ല ഗംഗാജലം തളിച്ചതെന്നും ഗ്യാന്‍ ദേവ് വാദിച്ചു.
ഗ്യാന്‍ദേവിന്റെ പ്രവൃത്തി ദളിതരോടുള്ള ബിജെപിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് ടിക്കാറാം പറഞ്ഞു. തന്റെ വിശ്വാസത്തിനുമേലുള്ള ആക്രമണം മാത്രമല്ല അയിത്തമെന്ന കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഗ്യാന്‍ദേവിന്റെ പ്രവൃത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂജ നടത്തുന്നത് കാണാന്‍ പോലും കഴിയാത്ത വിധം ദളിതരെ ബിജെപി വെറുക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ദൈവത്തിനുമേലുള്ള അവകാശം ബിജെപി നേതാക്കന്‍മാര്‍ക്ക് മാത്രമേയുള്ളോയെന്നും അദ്ദേഹം ചോദിച്ചു.