
ബിജെപി എംഎല്‍എയുടെ മകനും സംഘവും ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി പൂജാരിയെ മര്‍ദ്ദിച്ചു
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകനും സംഘവും ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി പൂജാരിയെ മര്‍ദ്ദിച്ചുവെന്ന് ആരോപണം. ദേവാസ് നഗരത്തിലെ പ്രശസ്തമായ മാതാ തേക്രി ക്ഷേത്രത്തിലാണ് സംഭവം.
വെള്ളിയാഴ്ച്ച രാത്രി പൂജയ്ക്കുശേഷം നടയടച്ചിരുന്ന ക്ഷേത്രത്തില്‍ എത്തിയ എംഎല്‍എയുടെ മകനും സംഘവും അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പൂജാരി അതിന് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നും പറയുന്നു.
ആക്രമണത്തെക്കുറിച്ച് പൂജാരി പരാതി നല്‍കി. പ്രതിപക്ഷമായ കോണ്‍ഗ്രസാണ് അക്രമി സംഘത്തില്‍ ബിജെപി എംഎല്‍എയുടെ മകന്‍ ഉണ്ടെന്ന ആരോപണം ഉന്നയിച്ചത്. പൊലീസിനോട് മാധ്യമങ്ങള്‍ ഇക്കാര്യം ആരാഞ്ഞപ്പോള്‍ അന്വേഷണം നടക്കുന്നുവെന്ന മറുപടിയാണ് ലഭിച്ചത്.
വെള്ളിയാഴ്ച്ച രാത്രി വൈകി എട്ട് മുതല്‍ 10 വരെ കാറുകളിലായി ക്ഷേത്ത്രതില്‍ എത്തിയ അക്രമിസംഘത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ജിതു രഘുവംശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പൂജാരി കോട്വാലി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ക്ഷേത്രത്തിന്റെ ഗേറ്റുകള്‍ തുറക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടപ്പോള്‍ പൂജാരി വിസമ്മതിച്ചു. ഇതേതുടര്‍ന്ന് അക്രമികള്‍ പൂജാരിയെ അപമാനിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് എസ്പി ദിനേശ് അഗ്രവാള്‍ പറയുന്നു.
ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 50 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്ന് പൊലീസ് പറഞ്ഞു.
മലമുകളിലെ ക്ഷേത്രത്തില്‍ ചുവപ്പ് ബീക്കണ്‍ വച്ചിരുന്ന ഏതാനും കാറുകളും ഉണ്ടായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളില്‍ ദൃശ്യമാണ്.
സനാതനി ആയിട്ടും ഇത്തരം പ്രവൃത്തി ചെയ്ത മകന്റെ മേല്‍ ബിജെപി എംഎല്‍എയ്ക്ക് ഒരു കണ്ണ് വേണമെന്ന് ദേവാസ് നഗരത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റ് മനോജ് രജനി പറഞ്ഞു.