ഈദിന് മുസ്ലീം വീടുകൾ സന്ദർശിക്കാനൊരുങ്ങി ബിജെപി
ഈദ് ദിനത്തിൽ മുസ്ലീം വീടുകൾ സന്ദർശിച്ച് ആശംസകൾ കൈമാറാൻ ബിജെപി പ്രവർത്തകരോട് പ്രകാശ് ജാവദേക്കർ എംപി. കൊച്ചിയിൽ വെച്ചു നടന്ന ബിജെപി ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത-പ്രാദേശിക ചിന്തകൾക്ക് അതീതമായി ഇന്ത്യക്കാർ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ക്രിസ്തുമസിനും ഈസ്റ്ററിനും ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദർശിച്ച് ബിജെപി പ്രവർത്തകർ ആശംസകൾ കൈമാറി. എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവർത്തകർ പ്രയത്‌നിക്കുന്നത്. വിഷു ബിജെപി പ്രവർത്തകർ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും, നിരവധി പദ്ധതികളാണ് കേരളത്തിൽ മോദി സർക്കാർ നടപ്പിലാക്കിയത്. മോദിയെക്കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ നല്ലത് പറയുന്നത് മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജയിലിൽ കിടന്നവരാണ് ഇന്ന് ബിജെപിയെ നയിക്കുന്നത് എന്നും മാധ്യമങ്ങൾ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
നിലവിൽ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങൾ വലീയ രീതിയിൽ തന്നെ ബിജെപി നടത്തിവരുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും അനുകൂല പ്രസതാവനകൾ ഉയർന്നു വന്നിരുന്നു. ബിജെപി ഭരണത്തിൽ ഇന്ത്യയിലെ ക്രൈസ്തവർ സുരക്ഷിതരാണെന്ന് സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല പ്രസതാവന വിവാദമായിരുന്നു. ഈസ്റ്റർ ദിനത്തിൽ ന്യൂഇന്ത്യൻ എക്‌സ്പ്രസിനു കൊടുത്ത അഭിമുഖത്തിലായിരുന്നു പരാമർശം. മോദി വിജയിച്ച രാഷ്ട്രീയ നേതാവാണ് എന്നും മോദിക്ക് കേരളത്തിൽ സ്വീകാര്യത വർധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെ തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവനയും വിവാധമായിരുന്നു. കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കണ്ണൂർ ആലക്കോട് സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം. റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ റബ്ബർ വില 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ സഹായിക്കും. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തിരുന്നു.
ക്രിസ്ത്യൻ വിഭാഗവുമായി അടുക്കാനുള്ള ബിജെപിയുടെ ശ്രമത്തെ പ്രതിപക്ഷ നേതാവ് വിഡി സതീഷൻ അതിരൂക്ഷമായി ഇന്നലെ വിമർശിച്ചു. ലോകാരാധ്യയായ മദർ തെരേസയ്ക്ക് നൽകിയ ഭാരതരത്ന തിരിച്ച് വാങ്ങണമെന്ന് പറഞ്ഞത് ആർഎസ്എസ് ആണെന്നും ഇതൊന്നും വിസ്മരിക്കേണ്ട കാര്യമില്ല. ഇതൊക്കെ യഥാർത്ഥ ക്രൈസ്തവ വിശ്വാസികളുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. ക്രിസ്ത്യാനികൾ വീട്ടിൽ വന്നാൽ തല്ലിയോടിക്കണമെന്ന് അടുത്തിടെ പറഞ്ഞത് കർണാടകത്തിലെ ബി.ജെ.പി മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
മതമേലധ്യക്ഷൻമാരുടെ പ്രസ്താവനകൾ യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളെ സംഘപരിവാർ സംഘടനകൾ വേട്ടയാടുന്നതിനെതിരെ 79 ക്രൈസ്തവ സംഘടനകൾ ഡൽഹിയിൽ നടത്തിയ സമരത്തെ കുറിച്ച് ഇപ്പോൾ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ നടത്തുന്നവർ ഓർക്കണം. ക്രൈസ്തവ ദേവലയങ്ങൾ ആക്രമിക്കുന്നു, ആരാധന തടപ്പെടുത്തുന്നു, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെടുന്നു, ക്രിസ്തുമസ് ആരാധാന അനുവദിക്കുന്നില്ല, വൈദികരെ ജയിലിലാക്കുന്നു തുടങ്ങിയവയെക്കുറിച്ച് വിവരിച്ചുള്ള പരാതിയാണ് ബെംഗലുരുവിലെ ബിഷപ്പായ പീറ്റർ മച്ചഡോ നൽകിയതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
കൂടാതെ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവനയെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം രംഗത്ത് വന്നു. ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഇന്ത്യയിൽ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന കർദിനാളിന്റെ പരാമർശം, സമകാലിക ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയെ ലളിതവത്കരിക്കുന്ന പ്രസ്താവനയായെന്ന വിമർശനമാണ് സത്യദീപം നടത്തിയത്. രാജ്യത്ത് ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് കോടതി, ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് അടിയന്തര റിപ്പോർട്ട് തേടിയെന്ന വാർത്ത ഇതിനോട് ചേർത്തുവായിക്കണം. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന് കർദിനാൾ പറയുമ്പോൾ സുരക്ഷിതത്വത്തിന്റെ അർത്ഥവും അത് ഏതാനും പേരുടെ മാത്രമെന്ന അനർത്ഥവും തമ്മിൽ വല്ലാതെ കൂടിക്കുഴയുന്നു.
ഇക്കാര്യത്തിൽ അഖിലേന്ത്യാ മെത്രാൻ സമിതിയുടെ നിലപാട് എന്തെന്ന് അറിയാൻ താത്പര്യമുണ്ട്. ഗോൾവാർക്കറുടെ 'വിചാരധാര'യിൽ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോൾ, സഭാ നേതൃത്വത്തിന്റെ വിചാരധാരയിൽ അടിയന്തര മാറ്റമുണ്ടായതിന്റെ അടിസ്ഥാനമെന്തെന്ന് വിശ്വാസികൾ അത്ഭുതപ്പെടുന്നു. ക്രൈസ്തവർക്കെതിരെ രാജ്യത്താകെ പെരുകുന്ന ആൾക്കൂട്ടാക്രമണങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ, ഈസ്റ്റർ ദിനത്തിൽ ഡൽഹി കത്തീഡ്രലിൽ പ്രാർത്ഥനാഗീതം കേൾപ്പിച്ച് മടക്കിയ സഭാ നേതൃത്വം അതേ കുറ്റത്തിൽ നിശ്ശബ്ദ പങ്കാളിയായി. ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകട സാധ്യതകളെക്കുറിച്ച് പുറത്തുപറയുകയെന്ന ഉത്തരവാദിത്വം നിസ്സാര നേട്ടങ്ങൾക്കുവേണ്ടി നിറവേറ്റാതിരുന്നാൽ കാലം മാപ്പുതരില്ലെന്ന മുന്നറിയിപ്പും സത്യദീപം നൽകുന്നു.