
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം 4,340 കോടി രൂപ
2024ല്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ വാര്‍ഷിക വരുമാനം 83% കുതിച്ചുയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാവി പാര്‍ട്ടിക്ക് 4,340 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2,360 കോടി രൂപയാണ് ലഭിച്ചിരുന്നത്. ബിജെപിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2024ലെ ലോകസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടന്നത്. ഫലം പ്രഖ്യാപിച്ചത് ജൂണ്‍ നാലിനും. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ അധികാരത്തില്‍ മൂന്നാം തവണയും തിരിച്ചെത്തി.
സ്വമേധയായുള്ള സംഭാവനകള്‍ 2022-23 ല്‍ 2,120.06 കോടി രൂപയായിരുന്നത് 2023-24ല്‍ 3,967.14 കോടി രൂപയായി വര്‍ദ്ധിച്ചു. ഇതില്‍ ഇലക്ട്രല്‍ ബോണ്ടുകളില്‍ നിന്നുള്ള തുകയും ഉള്‍പ്പെടുന്നു. 2023-24ല്‍ ബിജെപിക്ക് ഇലക്ട്രല്‍ ബോണ്ടുകളിലൂടെ 1,685.6 കോടി രൂപ ലഭിച്ചു. ഇലക്ട്രല്‍ ബോണ്ടുകളില്‍നിന്നും പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച വര്‍ഷമായിരുന്നു അത്. 2024 ഫെബ്രുവരിയില്‍ സുപ്രീംകോടതി ഇലക്ട്രല്‍ ബോണ്‍ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് റദ്ദാക്കിയിരുന്നു.
ഇതേകാലയളവില്‍ കോണ്‍ഗ്രസിന്റെ വരുമാനവും വര്‍ദ്ധിച്ചു. 2023-24ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വാര്‍ഷിക വരുമാനത്തില്‍ 170 ശതമാനം വര്‍ദ്ധനവുണ്ടായി. 2023-24ല്‍ കോണ്‍ഗ്രസിന് 1,225 കോടി രൂപ ലഭിച്ചു. 2022-23ല്‍ ഇത് 452.3 കോടി രൂപയായിരുന്നു. ഇലക്ട്രല്‍ ബോണ്ടുകളിലൂടെ കോണ്‍ഗ്രസിന് 828.4 കോടി രൂപയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തില്‍ ഇത് 171 കോടി രൂപയായിരുന്നു.