
മുനമ്പത്ത് ബിജെപി, ആര്‍എസ്എസ് നാടകം പൊളിഞ്ഞു: എം വി ഗോവിന്ദന്‍
മുനമ്പത്ത് ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ നാടകം പൊളിഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവര്‍ പരാജയപ്പെട്ടുവെന്നും ആര്‍എസ്എസിന് മുസ്ലിം ക്രിസ്ത്യന്‍ വിരുദ്ധത മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്ന കാര്യങ്ങളാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും ഇപ്പോള്‍ പറയുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാസാക്കിയ വഖഫ് നിയമത്തില്‍ മുനമ്പം ഭൂമി വിഷയത്തിനുള്ള പരിഹാരമില്ലെന്ന് ഇന്നലെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എറണാകുളത്ത് പറഞ്ഞിരുന്നു. വഖഫ് നിയമം പാസാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിക്കാന്‍ നന്ദി മോഡി പരിപാടി ഉദ്ഘാനം ചെയ്യാന്‍ മുനമ്പത്ത് എത്തിയ മന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍നിലപാടില്‍ നിന്നും കരണംമറിഞ്ഞത്.
വഖഫ് ബില്‍ പാസാകുന്നതോടെ മുനമ്പത്തെ താമസക്കാര്‍ക്ക് ഭൂമി തിരികെ ലഭിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി റിജിജു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. മുനമ്പത്തുകാര്‍ നിയമ പോരാട്ടം തുടരേണ്ടിവരുമെന്നും റിജിജു വ്യക്തമാക്കി.
വഖഫ് ബില്ലിനുമേല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുനമ്പം പ്രശ്നപരിഹാരം കൂടിയാണ് ബില്ലെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും ഇക്കാര്യം ആവര്‍ത്തിച്ചു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ മുനമ്പം നിവാസികളെ ചതിക്കുകയായിരുന്നുവെന്ന് സമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പറഞ്ഞു. ഇനി നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.