അശോക് ഗഹ്‌ലോട്ട് | PTI
ബിജെപിയുടെ വർഗീയ വത്കരണം രാജസ്ഥാനിൽ നടക്കില്ല; അശോക് ഗഹ്‌ലോട്ട്
രാജസ്ഥാനിൽ തിരഞ്ഞെടുപ്പിനെ മുൻനിർത്തി ബിജെപി നടത്താനിരിക്കുന്ന വർഗീയ വത്ക്കരണം നടക്കില്ലെന്ന് അശോക് ഗഹ്‌ലോട്ട്. കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി മുന്നോട്ട് വച്ച വർഗീയത പരാജയപ്പെട്ടത് ഉദാഹരണമാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗഹ്‌ലോട്ട് പറഞ്ഞു.
മോദിയും അമിത് ഷായും മതത്തിന്റെ പേരിൽ മുദ്രാവാക്യം വിളിക്കുന്നു, എന്നാൽ കർണാടകയിൽ ബജ്‌റംഗ് ബലിയെക്കുറിച്ച് പറഞ്ഞപ്പോൾ ഫലമുണ്ടാകാത്തത് പോലെ ഇവിടെയും ഫലമുണ്ടാകില്ല. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും മോദിയെ തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊരുതരം കുറ്റകൃത്യമാണ്. അതവരുടെ സ്വഭാവമാണ്, അവർക്ക് എന്തും ചെയ്യാൻ കഴിയും. അദ്ദേഹം പറഞ്ഞു.
എന്നാൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ സഹായകമാകും എന്നാണ് ഗഹ്‌ലോട്ടിന്റെ പ്രതീക്ഷ. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും മാറി മാറി വിജയിക്കുകയായിരുന്നു, എന്നാൽ തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് കൊണ്ടല്ലാതെ ദീർഘ കാലത്തേക്ക് ജനക്ഷേമം ഉദ്ദേശിച്ച് കൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ തങ്ങളെ രക്ഷിക്കും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ബിജെപിയുടെ അക്രമണാത്മക പ്രചരണത്തെ ചെറുക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം, കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അടിസ്ഥാന സൗകര്യ വികസനം, പെൺകുട്ടികളുടെ ക്ഷേമം, റോഡ് വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലെ വികസന പ്രവർത്തനങ്ങൾ വിജയത്തിലേക്ക് നയിക്കും എന്നും അശോക് ഗഹ്‌ലോട്ട് പറഞ്ഞു.
രാജസ്ഥാൻ തിരഞ്ഞെടുപ്പ്
ഡിസംബറിൽ രാജസ്ഥാനിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സാധിക്കും എന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ രാജസ്ഥാനിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശനങ്ങൾ കൂടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രിയായ അശോക്് ഗഹ്‌ലോട്ടും സച്ചൻ പൈലറ്റും ഒരുമിച്ച് പ്രവർത്തിക്കും എന്നാണ് ദേശീയ നേതൃത്വം പറയുന്നത്. എന്നാൽ സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മുന്നണിയുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനത്ത് എത്താനുള്ള നീക്കം ആണെന്നും രാഷ്ട്രീയ വിലയിരുത്തലുകളുണ്ട്. എന്നാൽ പാർട്ടി രൂപീകരിക്കും എന്ന വാർത്തയോട് സച്ചിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020 ൽ ഗഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കാൻ പൈലറ്റിന്റെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേർന്ന് സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കുകയായിരുന്നു. 2018 ഡിസംബറിലായിരുന്നു രാജസ്ഥാനിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് വസുന്ധരാ രാജയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താഴെയിറക്കിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. 104 സീറ്റാണ് കോൺഗ്രസ് അന്ന് നേടിയത്. ബിജെപിക്ക് ലഭിച്ചത് 70 സീറ്റുകൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമാണ് കോൺഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം നൽകിയത്.