ആന്ധ്രപ്രദേശിലെ മരുന്ന്‌നിര്‍മ്മാണ കമ്പനിയില്‍ സ്‌ഫോടനം; 17 പേര്‍ മരിച്ചു
ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അച്യുതപുരം സ്‌പെഷ്യല്‍ സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസെന്‍ഷ്യ ഫാര്‍മ കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ എന്‍ടിആര്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനാംഗങ്ങളും പൊലീസും ചേര്‍ന്നാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. രണ്ട് ഷിഫ്റ്റുകളിലായി 380 ജീവനക്കാരാണ് പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 നാണ് അപകടം ഉണ്ടായത്.
ഇന്റര്‍മീഡിയറ്റ് രാസവസ്തുക്കളും ഫാര്‍മ ചേരുവുകളും ഉണ്ടാക്കുന്ന കമ്പനിയാണ് എസെന്‍ഷ്യ. 200 കോടി മുതല്‍മുടക്കില്‍ 2019 ഏപ്രിലില്‍ ആണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ആന്ധ്രപ്രദേശ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ 40 ഏക്കര്‍ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.