REPRESENTATIONAL IMAGE: WIKI COMMONS
തൃപ്പൂണിത്തുറ പടക്കപ്പുരയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
തൃപ്പൂണിത്തുറ പടക്കപ്പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കകടയിലാണ് രാവിലെ 11 മണിയോടുകൂടി സ്‌ഫോടനം ഉണ്ടായത്. കുട്ടികളടക്കം പത്തോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. സ്ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റര്‍വരെ ദൂരത്തേക്ക് തെറിച്ചുവീണു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇരുപത്തഞ്ചോളം വീടുകള്‍ക്ക് നാശനഷ്ടം
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുപത്തഞ്ചോളം വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. വീടുകളുടെ മേല്‍ക്കൂരകളടക്കം തകര്‍ന്ന നിലയിലാണ്. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. പടക്കകട പൂര്‍ണമായും സ്‌ഫോടനത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങള്‍ക്ക് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിയ പടക്കം ടെമ്പോ ട്രാവലറില്‍ നിന്ന് അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. ട്രാവലര്‍ പൂര്‍ണമായും കത്തിനശിക്കുകയും ജീവനക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു.