PHOTO: PTI
എംബസിക്കു സമീപത്തെ സ്‌ഫോടനം: സംഭവസ്ഥലത്തുനിന്ന് കത്ത് കണ്ടെത്തി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപത്തെ സിസിടിവിയില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. എംബസിയിലേക്കുള്ള പ്രതികളുടെ റൂട്ട് മാപ്പ് കണ്ടെത്തുന്നതിനും കൂട്ടുപ്രതികള്‍ക്കുമായി സമീപത്തെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും ഡല്‍ഹി പോലീസ് വിശകലനം ചെയ്തുവരികയാണ്. ഇസ്രയേല്‍ എംബസി അംബാസിഡര്‍ക്കുള്ള ഒരു കത്തും സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയതായാണ് വിവരം. ഇസ്രയേല്‍ പതാകയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ കത്തില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. സര്‍ അല്ലാഹ് റെസിസ്റ്റന്‍സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ന്യൂഡല്‍ഹിയിലെ ചാണക്യപുരി നയതന്ത്ര എന്‍ക്ലേവിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സ്‌ഫോടനം ഉണ്ടായത്. സ്ഥലത്തെത്തി പരിശോധന നടത്തിയ ഡല്‍ഹി പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ ആളപായമില്ല.
ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രത
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. എംബസിക്കു സമീപം ഉണ്ടായ പൊട്ടിത്തെറി ഭീകരാക്രമണം ആകാമെന്ന് സംശയിക്കുന്നതായും ഇസ്രയേല്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളിലും (റെസ്‌റ്റോറന്റുകള്‍, പബ്ബുകള്‍) തിരക്കേറിയ സ്ഥലങ്ങളിലും ഇസ്രയേല്‍ പൗരന്മാര്‍ക്ക് സേവനം നല്‍കുന്ന സ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കാന്‍ ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. പൊതു സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുക, ഇസ്രയേല്‍ ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമല്ലാത്ത പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക, യാത്രാവിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താതിരിക്കുക, തത്സമയം സന്ദര്‍ശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളും ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
സ്‌ഫോടന സന്ദേശം ഫോണ്‍ വഴി
എംബസിക്കു സമീപം സ്‌ഫോടനം നടന്നതായ വിവരം അജ്ഞാതന്‍ വഴിയാണ് ഡല്‍ഹി പോലീസ് അറിയുന്നത്. വൈകിട്ട് ആറുമണിയോടെ ഡല്‍ഹി ഫയര്‍ സര്‍വീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്ന് വിളിച്ചയാള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസിന്റെ പ്രത്യേക സെല്ലും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രദേശത്ത് മൂന്നുമണിക്കൂറോളം പരിശോധന നടത്തി.
ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) സ്ഥലം പരിശോധിച്ചതായി ഡല്‍ഹിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എംബസിക്കും മറ്റ് ഇസ്രയേല്‍ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.