ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടിക്കൊരുങ്ങി ബ്ലോക്ക്
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തിയ ആരോപണങ്ങള്‍ തള്ളി യുഎസ് പേയ്‌മെന്റ് സ്ഥാപനമായ ബ്ലോക്ക് ഐഎന്‍സി. ഷോര്‍ട്ട് സെല്ലര്‍ക്കെതിരെ നിയമ നടപടികളുടെ സാധ്യത തേടുമെന്നും കമ്പനി പറഞ്ഞു. തങ്ങളുടെ ക്യാഷ് ആപ്പ് ബിസിനസിനെക്കുറിച്ചുള്ള ഷോര്‍ട്ട് സെല്ലറുടെ റിപ്പോര്‍ട്ട് വസ്തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കമ്പനി വ്യക്തമാക്കി. നിക്ഷേപകരെ കബളിപ്പിക്കാനും, ആശയക്കുഴപ്പത്തിലാക്കാനുമാണ് റിപ്പോര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ബ്ലോക്ക് അറിയിച്ചു.
ബ്ലോക്ക് ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. പകര്‍ച്ചവ്യാധി സമയത്ത് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോര്‍സി ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് പണം സമ്പാദിച്ചതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചിരുന്നു. ട്വിറ്ററിന്റെ സഹസ്ഥാപകന്‍ കൂടിയായ ഡോര്‍സിയുടെ സ്വകാര്യ സമ്പത്തിന്റെ ഭൂരിഭാഗവും ബ്ലോക്കിലാണ്.
തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബ്ലോക്കിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നപ്പോള്‍, സഹസ്ഥാപകരായ ജാക്ക് ഡോര്‍സിയും ജെയിംസ് മക്കെല്‍വിയും ഒരു ബില്യണ്‍ ഡോളറിലധികം ഓഹരികള്‍ വിറ്റതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.എന്നാല്‍ ആരോപണങ്ങള്‍ക്കിടയിലും തങ്ങളുടെ ഉത്പ്പന്നങ്ങള്‍, റിപ്പോര്‍ട്ടിംഗ്, കംപ്ലയിന്‍സ് പ്രോഗ്രാമുകള്‍, നിയന്ത്രണങ്ങള്‍ എന്നിവയില്‍ ആത്മവിശ്വാസമുണ്ടെന്ന് ബ്ലോക്ക് വ്യക്തമാക്കി. നിയമനടപടികള്‍ സ്വീകരിക്കുന്നതിന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായും ബ്ലോക്ക് അറിയിച്ചു.
അതേസമയം, ഡോര്‍സിയുടെ ഓഹരിയില്‍ 526 മില്യണ്‍ ഡോളറിന്റെ ഇടിവാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിനുശേഷം ഒറ്റ ദിവസം സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 11 ശതമാനം ഇടിവുണ്ടായശേഷം 4.4 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി.