
തീരുവ യുദ്ധത്തില്‍ ബിഎംഡബ്ല്യുവിന് നഷ്ടം 1 ബില്ല്യണ്‍ യൂറോ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച തീരുവ യുദ്ധത്തില്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന് ഒരു ബില്ല്യണ്‍ യൂറോകളുടെ നഷ്ടം ഉണ്ടാകും. യൂറോപ്യന്‍ യൂണിയനും വാഷിങ്ടണും തമ്മിലുള്ള വ്യാപാര വഴക്ക് ബിഎംഡബ്ല്യുവിനെ നേരിട്ട് ബാധിക്കുന്നത് മൂലമാണിത്.
യൂറോപ്യന്‍ യൂണിയന്റെ ഉയര്‍ന്ന തീരുവ നിരക്കുകള്‍ക്ക് പകരമായി ട്രംപ് ചുമത്തിയ തീരുവ ഏപ്രില്‍ രണ്ടിന് നിലവില്‍ വരും. വടക്കേ അമേരിക്കന്‍ വ്യാപാര കരാറിലെ ചട്ടങ്ങള്‍ പാലിക്കാത്തതിന് മെക്‌സിക്കോയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ബിഎംഡബ്ല്യു അടക്കമുള്ള വാഹനങ്ങളുടെ മേല്‍ 25 ശതമാനം നികുതി ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതും ഏപ്രില്‍ 2 നിലവില്‍ വരും. ഉരുക്കിനും സ്റ്റീലിനും മേലും 25 ശതമാനം തീരുവ ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന്, യുഎസിന്റെ ചരക്കുകളുടെ മേല്‍ തിരിച്ചടി തീരുവ ഏര്‍പ്പെടുത്താന്‍ ഇയുവും തീരുമാനിച്ചിട്ടുണ്ട്.
പുതുതായി ചുമത്തിയ യുഎസ് തീരുവകള്‍ മൂലം ഈ വര്‍ഷത്തെ വരുമാനത്തില്‍ ഒരു ബില്ല്യണ്‍ യൂറോയുടെ കുറവ് വരുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായ ഒളിവര്‍ സിപ്‌സ് പറഞ്ഞു. എന്നാല്‍, വര്‍ഷം മുഴുവന്‍ ഈ തീരുവ നിലനില്‍ക്കില്ലെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്.
യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ ബിഎംഡബ്ല്യു കഴിഞ്ഞ വര്‍ഷം ലാഭത്തില്‍ 37 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള അവസാനിക്കാതെ തുടരുന്ന വ്യാപാര യുദ്ധം യുഎസ് കമ്പനികളേയും ബാധിക്കും. ട്രംപിന്റെ പ്രധാന ഉപദേശകരില്‍ ഒരാളായ ഇലോണ്‍ മസ്‌കിന്റെ വൈദ്യുത വാഹനമായ ടെസ്ല മറ്റ് രാജ്യങ്ങളില്‍ നിന്നും പകരത്തിനുപകരമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും നഷ്ടമുണ്ടാക്കുമെന്ന് മസ്‌ക് യുഎസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
വിവിധ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് മസ്‌ക് പിന്തുണ പ്രഖ്യാപിച്ചത് മൂലം യൂറോപ്പില്‍ ടെസ്ലയുടെ വില്‍പന ഇടിഞ്ഞിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിക്കുശേഷം ടെസ്ലയുടെ ഓഹരി വില ഏകദേശം 50 ശതമാനം കുറഞ്ഞിരുന്നു.


