REPRESENTATIONAL IMAGE
ആഫ്രിക്കയിലെ കേപ് വെര്‍ഡെയില്‍ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 60 ലധികം മരണം
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ നിന്ന് കുടിയേറ്റക്കാരുമായി യാത്ര ചെയ്ത ബോട്ട് അപകടത്തില്‍പ്പെട്ടു. കേപ് വെര്‍ഡെയില്‍ നിന്നും ബോട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 60 ലധികം ആളുകള്‍ മരിച്ചതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) അറിയിച്ചു. 100 അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച മത്സ്യബന്ധന കപ്പല്‍ സെനഗലില്‍ നിന്നും സ്പെയിനിലെ കാനറി ദ്വീപിലേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട 38 പേരില്‍ 12 നും 16 നും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ഐഒഎം വക്താവ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേപ് വെര്‍ഡിയന്‍ ദ്വീപായ സാലില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ അറ്റ്ലാന്റിക് സമുദ്രത്തില്‍ ബോട്ട് കണ്ടതായാണ് പോലീസ് പറയുന്നത്. പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ ബോട്ട് മുങ്ങിയതായി സ്ഥിരീകരിച്ചെങ്കിലും പിന്നീട് ഒഴുകി നീങ്ങുന്നതായി കണ്ടെത്തുകയായിരുന്നു. സ്പാനിഷ് മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ട ബോട്ട് കണ്ടെത്തുന്നത്. തുടര്‍ന്ന് കേപ് വെര്‍ഡിയന്‍ അധികൃതരെ അറിയിക്കുകയും ചെയ്തു.
തുടര്‍ച്ചയാകുന്ന അപകടങ്ങള്‍
അതിജീവിച്ചവര്‍ പറയുന്നതനുസരിച്ച് ജൂലൈ 10 നാണ് ബോട്ട് 100 ഓളം യാത്രക്കാരുമായി സെനഗലില്‍ നിന്ന് പുറപ്പെടുന്നത്. ഏഴ് പേരുടെ മൃതശരീരം കണ്ടെത്തിയെങ്കിലും 50 ലധികം പേരെ കാണാതായി എന്നാണ് ഐഒഎം പുറത്തുവിടുന്ന വിവരം. സ്‌പെയിനിലെ കാനറി ദ്വീപുകളിലേക്ക് കടല്‍പ്പാതയില്‍ നിന്ന് ഏകദേശം 350 മൈല്‍ അകലെയാണ് കേപ് വെര്‍ഡെ സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് കാനറി ദ്വീപുകളിലേക്കുള്ള അറ്റ്ലാന്റിക് മൈഗ്രേഷന്‍ റൂട്ട്, സാധാരണയായി സ്പെയിനിലെ പ്രധാന ഭൂപ്രദേശത്ത് എത്താനായിട്ടാണ് ഉപയോഗിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പാതയായാണ് കണക്കാക്കുന്നത്. 2022 ല്‍ കാനറി ദ്വീപുകളിലേക്ക് എത്താന്‍ ശ്രമിച്ച് കുറഞ്ഞത് 559 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ 126 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തു.15 കപ്പല്‍ അവശിഷ്ടങ്ങള്‍ രേഖപ്പെടുത്തിയതായാണ് ഐഒഎം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈയില്‍ സെനഗലിന്റെ തലസ്ഥാനമായ ഡാക്കറില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മുങ്ങി മരിച്ചിരുന്നു. ടുണീഷ്യയുടെ തീരത്ത് ബോട്ട് മറിഞ്ഞ് തിങ്കളാഴ്ച 11 കുടിയേറ്റക്കാര്‍ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തതായി ടുണീഷ്യന്‍ അധികൃതരും അറിയിച്ചു.
പരിഹരിക്കപ്പെടേണ്ട അഭയാര്‍ത്ഥി പ്രശ്നം
ക്രമരഹിതമായ അഭയാര്‍ത്ഥി പ്രവാഹം ജനുവരി മുതല്‍ ജൂലൈ വരെ 13% വര്‍ദ്ധിച്ചതായാണ് യൂറോപ്പിന്റെ ബോര്‍ഡര്‍ ആന്റ് കോസ്റ്റ്ഗാര്‍ഡ് ഏജന്‍സി പറയുന്നത്. ഇത് 2016 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. സെന്‍ട്രല്‍ മെഡിറ്ററേനിയന്‍ റൂട്ട് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ 115% വര്‍ദ്ധനവാണ് ഇതിന് കാരണമായതെന്ന് യൂറോപ്യന്‍ ബോര്‍ഡര്‍ ആന്റ് കോസ്റ്റ്ഗാര്‍ഡ് ഏജന്‍സിയായ ഫ്രോണ്ടക്സ് പറയുന്നു. യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രധാന അഭയാര്‍ത്ഥി പാതയാണിത്. കുടിയേറ്റ പ്രശ്നങ്ങള്‍ ആഗോള പ്രശ്നമാണെന്നും ഇത് പരിഹരിക്കാന്‍ അന്താരാഷ്ട്ര സഹകരണവും ചര്‍ച്ചകളും ആഗോള തന്ത്രങ്ങളും ആവശ്യമാണെന്നും അപകടത്തില്‍ പ്രതികരിച്ചുകൊണ്ട് കേപ് വെര്‍ഡിയയിലെ ആരോഗ്യമന്ത്രി ഫിലോമിന ഗോണ്‍കാല്‍വ്സ് പറഞ്ഞു. എല്ലാ രാജ്യങ്ങളും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കടലില്‍ ഇനി ഒരു ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ എന്തുചെയ്യാനാകുമെന്ന് ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.