
IMAGE | WIKI COMMONS
മലപ്പുറം പൊന്നാനിയില്‍ ബോട്ടപകടം: രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം പൊന്നാനിയില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശികളായ സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്. ഇടക്കഴിയൂര്‍ ഭാഗത്തെ പടിഞ്ഞാറ് കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടാകുന്നത്. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനായി വെള്ളിയാഴ്ച പുറപ്പെട്ട ഇസ്‌ലാഹി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
പൊന്നാനിയില്‍ നിന്നും 38 നോട്ടിക്കല്‍ അകലെ വച്ചാണ് അപകടം. കപ്പലുമായി കൂട്ടിയിടിച്ച് ബോട്ട് രണ്ടായി പിളരുകയും വെള്ളത്തില്‍ താഴ്ന്ന് പോയെന്നുമാണ് റിപ്പോര്‍ട്ട്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാര്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമസ്ഥന്‍. അപകടസമയത്ത് ബോട്ടില്‍ ആറ് മത്സ്യബന്ധന തൊഴിലാളികളായിരുന്നു ഉണ്ടായത്. നാല് പേരെ കപ്പല്‍ ജീവനക്കാര്‍ തന്നെ രക്ഷിച്ചു. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. പൊന്നാനി ഭാഗത്തെ മത്സ്യബന്ധന ബോട്ടുകളെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.