
യെമനില്‍ കുടിയേറ്റക്കാരുമായെത്തിയ ബോട്ട് തകര്‍ന്ന് 38 പേര്‍ മരിച്ചു, 100 പേരെ കാണാനില്ല
യെമന്‍ തീരത്തോട് ചേര്‍ന്ന് കുടിയേറ്റക്കാരുമായെത്തിയ ബോട്ട് തകര്‍ന്ന് 38 പേര്‍ കൊല്ലപ്പെട്ടു. 250 ഓളം ആളുകളുമായി പുറപ്പെട്ട ബോട്ട് ശക്തമായ കാറ്റില്‍ തകരുകയായിരുന്നു. അപകടത്തില്‍ കാണാതായ നൂറോളം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ ഉപദ്വീപായ ഹോണ്‍ ഓഫ് ആഫ്രിക്കയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മിക്കവരും എത്യോപ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
യെമന്‍ തീരത്തോട് അടുക്കുന്നതിന് മുമ്പ് തന്നെ ബോട്ട് തകര്‍ന്നുവെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള ഇടത്താവളമായാണ് യെമനിലേക്ക് കുടിയേറ്റക്കാര്‍ എത്തുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ 78 പേരെ രക്ഷാപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരില്‍ നിന്നുമാണ് നൂറോളം പേരെ കാണാതായ വിവരം അറിയുന്നത്. അപകട വിവരം യുഎന്നിനെ അറിയിച്ചതായി യെമന്‍ ഭരണകൂടം വ്യക്തമാക്കി. ഹോണ്‍ ഓഫ് ആഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മാത്രം യെമനിലേക്ക് 97,000 കുടിയേറ്റക്കാര്‍ എത്തിയതായാണ് യുഎന്‍ റിപ്പോര്‍ട്ട്.