TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയിൽ ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; പലസ്തീനുമായി കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജെറുസലേമിലും ടെൽ അവീവിലും പ്രതിഷേധം

02 Sep 2024   |   2 min Read
TMJ News Desk

ഗാസയിലെ ഒരു ഭൂഗർഭ അറയിൽ  നിന്ന് ബന്ദികളാക്കിയിരുന്നവരിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ പറഞ്ഞു. ബന്ദികളാക്കപ്പെട്ടവർ ഉണ്ടായിരുന്നിടത്ത് ഇസ്രായേൽ സൈന്യം എത്തുന്നതിന് തൊട്ടുമുമ്പ് അവർ കൊല്ലപ്പെട്ടുവെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഞായറാഴ്ച ഇസ്രായേലികളുടെ പ്രതിഷേധത്തിന് കാരണമാവുകയും ബന്ദികളാക്കിയവരെ  രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാവുകയും ചെയ്തു. ഇതേ തുടർന്ന്  തൊഴിലാളി യൂണിയൻ സമരം പ്രഖ്യാപിച്ചു. 

തെക്കൻ നഗരമായ റാഫയിലെ ഭൂഗർഭ അറയിൽ  നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായാണ്  ഇസ്രായേലി സൈന്യം അവകാശപ്പെട്ടത്. വെടിനിർത്തലും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കലും ഉൾപ്പെടുന്ന കരാറിലൂടെ ഇസ്രായേൽ പലസ്തീന് നേരെ നടത്തുന്ന 11 മാസമായി തുടരുന്ന  യുദ്ധം അവസാനിപ്പിക്കാൻ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കിടയിൽ ഇസ്രായേൽ  പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും യുദ്ധാനുകൂല നിലപാട് ശക്തമാക്കി. ഈ സംഭവത്തിന് ഉത്തരവാദികളെ പിടിക്കുന്നതുവരെ ഇസ്രായേൽ വിശ്രമിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പലസ്തീന് നേരെ നടക്കുന്ന യുദ്ധവിരാമ ആവശ്യങ്ങൾക്ക് നെതന്യാഹു മറുപടി നൽകിയത്. 

“ബന്ദികളെ കൊലപ്പെടുത്തിയവരരായാലും അവരുമായി - ഒരു ധാരണയ്ക്കുമില്ലെന്ന് " നെതന്യാഹു പറഞ്ഞു.
ഇസ്രായേലികളായ ബന്ദികൾ കൊല്ലപ്പെട്ടതിന് ഉത്തരവാദി നെതന്യാഹുവാണെന്ന് ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി റോയിട്ടേഴ്‌സിനോട് പറഞ്ഞു. നെതന്യാഹുവിന്റെ നിലപാടിനും യുദ്ധമവസാനിപ്പിക്കൽ ധാരണയിലും ഏത് വേണമെന്ന്  ഇസ്രായേലികൾ തിരഞ്ഞെടുക്കണമെന്ന് സുഹ്‌രി അഭിപ്രായപ്പെട്ടു. 

ഇതിനിടയിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാവുകായണ്. ജറുസലേമിലും ടെൽ അവീവിലും ആയിരക്കണക്കിന് ഇസ്രായേലികൾ പ്രതിഷേധത്തിൽ പങ്കുചേർന്നു, ഗാസയിൽ നിന്ന് ബാക്കിയുള്ള ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരാൻ അവർ നടത്തിയ പ്രതിഷേധം നെതന്യാഹുവിനെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. 

ഇസ്രായേലിൻ്റെ ട്രേഡ്സ് യൂണിയൻ ഫെഡറേഷൻ നേതാവായ അർനോൺ ബാർ-ഡേവിഡ്, കരാറിൽ ഒപ്പിടാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ന് (തിങ്കളാഴ്ച) പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇസ്രായേലിലെ പ്രധാന എയർ ട്രാൻസ്പോർട്ട് ഹബ്ബായ ബെൻ ഗുറിയോൺ വിമാനത്താവളം രാവിലെ എട്ട് മണി മുതൽ അടച്ചിടുമെന്ന് പറഞ്ഞു. 

സമാധാന കരാർ മറ്റെന്തിനേക്കാളും പ്രധാനമാണ്,  നെതന്യാഹുവുമായി ഇടയ്ക്കിടെ ഏറ്റുമുട്ടുന്ന പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യെയർ ലാപിഡ് ടെൽ അവീവിലെ പ്രകടനത്തിൽ പങ്കെടുക്കാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു.ബന്ദികളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ടെൽ അവീവിലെ മുനിസിപ്പൽ സേവനങ്ങളും ഇസ്രായേലിലുടനീളം മറ്റ് മേഖലകളും  ഇന്ന് (തിങ്കളാഴ്ച) അർദ്ധ ദിന  പണിമുടക്ക് നടത്തും. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങൾ രൂപീകരിച്ച ഹോസ്‌റ്റേജ് ഫാമിലീസ് ഫോറം ഈ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുക്കണമെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് കരാറിലേർപ്പെടാതിരിക്കുന്നതെന്ന് വിശദീകരിക്കണമെന്നും അവർ  ആവശ്യപ്പെട്ടു.




#Daily
Leave a comment