
ബോയിങ് ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിട്ടു
ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബോയിങ് ഇന്ത്യയിലെ 180 ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗളുരുവിലെ എഞ്ചിനീയറിങ് ടെക്‌നോളജി സെന്ററിലെ ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയത്.
ലോകമെമ്പാടും തിരിച്ചടികള്‍ നേരിടുന്ന ബോയിങ്ങിന്റെ പ്രധാനപ്പെട്ട വിപണിയായ ഇന്ത്യയില്‍ ഏകദേശം 7,000 ജീവനക്കാര്‍ ഉണ്ട്. ആഗോളതലത്തില്‍ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബോയിങ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
ബോയിങ് 2024 ഡിസംബര്‍ പാദത്തിലാണ് ബംഗളുരുവിലെ ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ബോയിങ് ഇതുസംബന്ധിച്ച് ഔദ്ധ്യോഗിക പ്രസ്താവന നല്‍കിയിട്ടില്ല.
ബംഗളുരുവിലേയും ചെന്നൈയിലേയും ബോയിങ് ഇന്ത്യ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി സെന്ററില്‍ സങ്കീര്‍ണമായ ആധുനിക എയ്‌റോസ്‌പേസ് ജോലികളാണ് ചെയ്യുന്നത്.
പിരിച്ചുവിടലിന്റെ ഭാഗമായി ചില തസ്തികകള്‍ ഒഴിവാക്കി. അതേസമയം പുതിയവ സൃഷ്ടിക്കുകയും ചെയ്തു. ഉപഭോക്തൃ സേവനം, സുരക്ഷ, ഗുണനിലവാരം എന്നിവയില്‍ ശ്രദ്ധയൂന്നി കണക്കുകൂട്ടിയുള്ള നടപടികളാണ് ഇന്ത്യയില്‍ സ്വീകരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളേയും സര്‍ക്കാര്‍ പദ്ധതികളേയും ബാധിക്കാത്ത തരത്തിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്.