TMJ
searchnav-menu
post-thumbnail

TMJ Daily

ബോയിങ് സ്റ്റാര്‍ലൈനര്‍ അടുത്ത വര്‍ഷം വീണ്ടും ബഹിരാകാശത്തേക്ക്

28 Mar 2025   |   1 min Read
TMJ News Desk

ബോയിങ്ങിന്റെ വിവാദ ബഹിരാകാശ വാഹനമായ സ്റ്റാര്‍ലൈനര്‍ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ബഹിരാകാശ യാത്ര നടത്താന്‍ ഒരുങ്ങുന്നു. ഇതിനായുള്ള അനുമതി ബോയിങ്ങിന് നല്‍കുമെന്ന് നാസ പറഞ്ഞു. സ്റ്റാര്‍ലൈനറിന്റെ ഉദ്ഘാടന യാത്രയില്‍ സഞ്ചരിച്ചിരുന്ന സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഒമ്പത് മാസത്തോളം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയിരുന്നു. എട്ട് ദിവസത്തെ ദൗത്യമാണ് സ്റ്റാര്‍ലൈനറിന്റെ സാങ്കേതിക തകരാര്‍ മൂലം ഒമ്പത് മാസത്തേക്ക് നീണ്ടത്.

ഈ മാസം ആദ്യം സ്‌പേസ്എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂളിലാണ് സുനിതയും വില്‍മോറും തിരിച്ച് ഭൂമിയിലെത്തിയത്.

സ്റ്റാര്‍ലൈനറിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ ബോയിങ്ങിനെ സഹായിക്കുമെന്ന് നാസ പറഞ്ഞു. വാഹനത്തിലെ വിവിധ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുടെ പരീക്ഷണങ്ങള്‍ നടത്താനും വിശകലനം ചെയ്യാനും വേണ്ടിയുള്ള സമയക്രമം സംയുക്ത സംഘം തയ്യാറാക്കി വരുന്നു.

ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം സ്റ്റാര്‍ലൈനര്‍ യാത്ര നടത്തുമെന്ന് നാസയുടെ വാണിജ്യ ക്രൂ പദ്ധതിയുടെ മാനേജരായ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന് രണ്ട് ബില്ല്യണ്‍ ഡോളറില്‍ അധികം ചെലവാണ് ബോയിങ്ങിന് ഉണ്ടാകുന്നത്.


#Daily
Leave a comment