TMJ
searchnav-menu
post-thumbnail

TMJ Daily

പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ബൊളീവിയ

10 Oct 2024   |   1 min Read
TMJ News Desk

സ്രായേലിനെതിരെ വംശഹത്യ ആരോപിച്ച് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ബൊളീവിയയും കക്ഷിചേർന്നു. യുദ്ധത്തിൽ നിയമങ്ങൾ ലംഘിച്ച് വംശഹത്യ പ്രവർത്തനങ്ങൾ നടത്തിയെന്ന കേസിലാണ് തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയ കക്ഷിചേർന്നത്.

കൊളംബിയ, ലിബിയ, സ്പെയിൻ, മെക്സിക്കോ, പലസ്തീൻ, നിക്കരാഗ്വ, തുർക്കി എന്നീ രാജ്യങ്ങൾക്കൊപ്പം ഇസ്രായേലിനെ എതിർക്കുന്ന കൂട്ടത്തിൽ ഇനി ബൊളീവിയയും ഉണ്ടാകും.

നവംബറിൽ ഇസ്രായേലുമായുള്ള ബന്ധം ബൊളീവിയ വിച്ഛേദിച്ചിരുന്നു. ഇസ്രായേലിൻ്റെ വംശഹത്യ തുടരുകയാണ്, കോടതിയുടെ ഉത്തരവുകൾ ഇസ്രായേലിന് വെറും മരവിച്ച കത്തുകളാണെന്നും ഐസിജെയിൽ ബൊളീവിയ പറഞ്ഞു. വംശഹത്യ എന്ന കുറ്റകൃത്യത്തെ അപലപിക്കാനുള്ള ഉത്തരവാദിത്തം ഉള്ളതിനാലാണ് ഇതിൽ ഇടപെടുന്നതെന്ന് ബൊളീവിയ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിൽ ഗാസയിലെ വംശഹത്യ തടയുന്നതിനും, ഐക്യരാഷ്ട്രസഭക്ക് പ്രദേശത്തേക്ക് തടസമില്ലാതെ പ്രവേശനം ഉറപ്പാക്കാനും, ഇസ്രായേൽ നടപടി സ്വീകരിക്കണമെന്ന് ഐസിജെ വിധിച്ചിരുന്നു. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോടതിയുടെ വിധിയെ "അതിക്രമം" എന്ന് വിശേഷിപ്പിക്കുകയും, "നീതിപരമായ" യുദ്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തികച്ചും മാനുഷിക ലംഘനം നടക്കുന്ന ഗാസയിൽ പുതിയ അടിയന്തിര നടപടികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ഐസിജെയിൽ വാദിച്ചിട്ടുണ്ട്. മെയ് അവസാനത്തോടെ, ഗാസയുടെ തെക്കൻ നഗരമായ റഫയിൽ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനോട് ഐസിജെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇസ്രായേൽ അത് അവഗണിക്കുകയായിരുന്നു. കോടതി വിധികൾ നിയമപരമായി ബാധകമാണെങ്കിലും, അത് നടപ്പിലാക്കാൻ കോടതിക്ക് മാർഗങ്ങളില്ല.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ ഇതുവരെ 42,000ത്തിലധികം പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബോംബെറിഞ്ഞും, വിലക്കേർപ്പെടുത്തിയും ഏകദേശം രണ്ട് ദശലക്ഷം ആളുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. അവരിൽ പലരും നിർബന്ധിത ഒഴിപ്പിക്കലിനിരയാവുകയാണ്. രോഗം, പട്ടിണി, മരണം എന്നിവയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. ഗാസയിലെ കുടുംബങ്ങൾ പറഞ്ഞറിയിക്കാനാവാത്ത ദുരന്തങ്ങളിൽ കൂടി കടന്നുപോകുകയാണെന്ന് യുഎൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലസാരിനി പറഞ്ഞു.



#Daily
Leave a comment