
ബൊൽസൊനാരോയുടെ ശിക്ഷ 'വേട്ടയാടൽ': ട്രംപ്
മുൻ ബ്രസീലിയൻ പ്രസിഡൻ്റ് ജൈർ ബൊൽസൊനാരോയെയും അദ്ദേഹത്തിന്റെ ഏഴു അനുയായികളെയും ബ്രസീൽ സുപ്രീ കോടതി തടവ് ശിക്ഷക്ക് വിധിച്ചു. കോടതി വിധിയെ 'വേട്ടയാടൽ ' എന്ന് വിമർശിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ബൊൽസൊനാരോ മികച്ച നേതാവായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ലുലാ സർക്കാരിനെതിരെ നടന്ന പട്ടാള അട്ടിമറിയിൽ പങ്കുണ്ടെന്ന് കണ്ടെത്തി മുൻ പ്രസിഡണ്ട് ജൈർ ബൊൽസൊനാരോയെ ബ്രസീലിയൻ സുപ്രീം കോടതി വ്യാഴാഴ്ച്ച 27 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കൂടാതെ അട്ടിമറി ശ്രമത്തിന് നേതൃത്വം കൊടുത്ത ബൊൽസൊനാരോയുടെ കടുത്ത അനുയായികളായ ലെഫ്റ്റനെന്റ് മൗറോ സിദ്ദ് , മുൻ ഇന്റലിജൻസ് മേധാവി അലക്സാണ്ടറെ റാംജം, മുൻ പ്രധിരോധ മന്ത്രി പൗളോ സെർജിയോ നേഗ്ഗുറ, റിട്ടയേർഡ് പട്ടാള മേധാവി അഗസ്റ്റോ ഹെലനോ, മുൻ നേവി ചീഫ് അൽമിർ ഗാർണിയർ സാന്റോസ്, മുൻ മന്ത്രി ആൻഡേഴ്സൺ ടോറെ, ജനറൽ വാൾട്ടർ ബ്രാഗ നെറ്റോ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ബ്രസീലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെ പട്ടാള അട്ടിമറിയുടെ പേരിൽ കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പിൽ വർക്കേഴ്സ് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ലുലാ ഡി സിൽവ അധികാരത്തിൽ തിരികെയെത്തിയിരുന്നു.എന്നാൽ ലുലാ സർക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കാനായി ബൊൽസൊനാരോയും പട്ടാള മേധാവികളും ചേർന്ന് 2023 ജനുവരി എട്ടാം തീയതി ബ്രസീലിയൻ സർക്കാരിന്റെ സ്ഥാപനങ്ങൾ പൂട്ടിക്കുകയും, പ്രക്ഷോഭങ്ങൾ അഴിച്ചുവിടുകയും ചെയ്തിരുന്നു. ലുലയെ വധിക്കാനുള്ള ആസൂത്രണവും ഈ വേളയിൽ നടന്നു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ബൊൽസൊനാരോയ്ക്ക് എതിരെയുള്ള നടപടികൾ നിർത്തി വച്ചില്ലെങ്കിൽ ബ്രസീലിനുന്മേൽ 50% അധിക തീരുവ ചുമത്തുമെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ "ബ്രസീലിയൻ ജനാതിപത്യം വിലപേശാവുന്നതല്ല" എന്നാണ് ലുലാ പ്രസ്താവിച്ചത്.


