IMAGE | WIKI COMMONS
ഡല്‍ഹിയില്‍ നൂറോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി: വ്യാജ സന്ദേശമെന്ന് ആഭ്യന്തര മന്ത്രാലയം
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ത്തി ഇ മെയില്‍ സന്ദേശം. ചാണക്യപുരി സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങി നൂറോളം സ്‌കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഭീഷണി വ്യാജമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ രീതിയില്‍ ഒന്നുംതന്നെ സ്‌കൂളുകളില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഭീഷണി സന്ദേശം അയച്ച ഇ മെയിലിന്റെ ഐപി വിലാസം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നിലവില്‍ എവിടെ നിന്നാണ് മെയില്‍ വന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകളിലേക്കാണ് ബുധനാഴ്ച പുലര്‍ച്ചെ ആദ്യം സന്ദേശം എത്തിയത്. പിന്നീട് ക്യാമ്പസുകളില്‍ സ്‌ഫോടകവസ്തുക്കളുണ്ടെന്ന് അവകാശപ്പെട്ട് മറ്റ് സ്‌കൂളുകളിലേക്കും സന്ദേശം എത്തുകയായിരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചതോടെ ഡല്‍ഹിയിലെ മദര്‍ മേരി സ്‌കൂളില്‍ നടക്കുന്ന പരീക്ഷ നിര്‍ത്തിവച്ചു.
ഭീഷണി സന്ദേശം ലഭിച്ചതോടെ സ്‌കൂളില്‍ നിന്നും കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കുന്നതായി അധികൃതര്‍ രക്ഷിതാക്കള്‍ക്ക് സന്ദേശമയച്ചു. ബോംബ് ഡിറ്റക്ഷന്‍ ടീം, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്‌കൂളില്‍ എത്തി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഭീഷണി സന്ദേശം ലഭിക്കാത്ത സ്‌കൂളുകളിലും മുന്‍കരുതലുകള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ആര്‍കെ പുരത്തെ ഡല്‍ഹി പൊലീസ് സ്‌കൂളില്‍ സമാനമായ ഭീഷണിയുണ്ടായതായും പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.