PHOTO: PTI
നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബാക്രമണം: കുട്ടികളടക്കം 14 പലസ്തീനികള്‍ കൊല്ലപ്പെട്ടു
മധ്യ ഗാസയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 14 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈനിക ടാങ്കുകള്‍ ജബാലിയയിലെ അഭയകേന്ദ്രങ്ങള്‍ വളഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്തുടനീളം ആരോഗ്യ സംവിധാനം തകരുമെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനായ യു എന്‍ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ യുഎന്‍ മേധാവി അപലപിച്ചു. റഫയില്‍ നിന്ന് ഖാന്‍ യൂനിസിലെ ആശുപത്രിയിലേക്ക് ഐക്യരാഷ്ട്രസഭ പതാകയുമായി സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഗാസയ്‌ക്കെതിരായ യുദ്ധത്തില്‍ ആദ്യമായാണ് ഒരു വിദേശി യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൂര്‍ണ്ണ അന്വേഷണം വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം റഫയിലെ കുവൈറ്റി ഹോസ്പിറ്റലിലെ ജീവനക്കാരോട് സ്ഥാപനം വിട്ട് പോകാന്‍ ഇസ്രയേല്‍ സൈന്യം അറിയിച്ചു. റാഫയില്‍ നിന്നും 3.6 ലക്ഷം പേര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യു റിപ്പോര്‍ട്ട് ചെയ്തു. റാഫയിലേക്കുള്ള ക്രോസിംഗുകളിലെല്ലാം സൈനിക ടാങ്കുകള്‍ വിന്യസിച്ചിരിക്കുകയാണ് സൈന്യം. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,173 ആയെന്നാണ് റിപ്പോര്‍ട്ട്.