
PHOTO: WIKI COMMONS
റഫയില്‍ വീടുകള്‍ക്കുനേരെ ബോംബാക്രമണം; 45 പേര്‍ കൊല്ലപ്പെട്ടു
റഫയില്‍ വീടുകള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മില്‍ തെരുവുയുദ്ധം നടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിനു സമീപം ഉണ്ടായ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പ് ഇസ്രയേല്‍ സേന പിടിച്ചെടുത്തു. വടക്കന്‍ ഗാസയില്‍ അവശേഷിച്ച 2 ആശുപത്രികളും ഇസ്രയേല്‍ പിടിച്ചെടുത്തു.
ഏറ്റുമുട്ടല്‍ നീളും
തെക്കന്‍ ഗാസയിലെ ഏറ്റുമുട്ടല്‍ മാസങ്ങളോളം നീളുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറയുന്നത്. ഹമാസിന്റെ തുരങ്കങ്ങള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണെന്നും ഹമാസിന് സാമ്പത്തിക സഹായം നല്‍കുന്ന ഒരാളെ വധിച്ചതായും സൈന്യം വ്യക്തമാക്കി. ആക്രമണം തുടരുമ്പോള്‍ കുടിവെള്ളംപോലും ലഭിക്കാതെ ജനങ്ങള്‍ വലയുകയാണ്. ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാനുള്ള യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം വോട്ടിനിടുന്നത് വീണ്ടും നീട്ടിവെച്ചു. പ്രമേയം യുഎസ് വീറ്റോ ചെയ്യുന്നത് തടയാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ് നിലവില്‍.
ഖത്തര്‍-ഈജിപ്ത് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അവശേഷിക്കുന്ന ആശുപത്രികളും ക്യാമ്പുകളും ഉള്‍പ്പെടെ ഇസ്രയേല്‍ പിടിച്ചെടുക്കുമ്പോള്‍ ഗുരുതരമായി പരുക്കേറ്റവരുള്‍പ്പെടെ മരുന്നുകളും മറ്റ് ചികിത്സാ സൗകര്യങ്ങളും ലഭിക്കാതെ വലയുകയാണ്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 19,667 മനുഷ്യരാണ്. 52,586 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
എല്ലാ ജീവനും വിലപ്പെട്ടത്: ഇമ്മാനുവല്‍ മാക്രോണ്‍
എല്ലാ ജീവനും വിലപ്പെട്ടതാണെന്നും ഭീകരാക്രമണത്തിനെതിരായ പോരാട്ടം എന്നാല്‍ ഗാസയെ നിരപ്പാക്കലല്ല എന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മാക്രോണ്‍. മാനുഷികത പരിഗണിച്ച് വെടിനിര്‍ത്തല്‍ വേണമെന്ന നിലപാടാണ് ഫ്രാന്‍സിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ ജനങ്ങളെ ആക്രമിക്കുന്നത് അനുവദിക്കാനാവില്ല. ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയ്യാറാവണം എന്ന് മാക്രോണ്‍ ആവശ്യപ്പെട്ടു. ഫ്രഞ്ച് മാധ്യമമായ ഫ്രാന്‍സ് 5 ന് നല്‍കിയ അഭിമുഖത്തിലാണ് മാക്രോണ്‍ അഭിപ്രായം വ്യക്തമാക്കിയത്.