പുടിനുമായി ട്രംപ് സ്വകാര്യ ഫോൺ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തലുമായി പുസ്തകം
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷവും മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോൺ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നെന്ന് ബോബ് വുഡ്വാർഡ് പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തി.
കോവിഡ് സമയത്ത് ട്രംപ് രഹസ്യമായി കോവിഡ് ടെസ്റ്റ് കിറ്റുകൾ പുടിന് അയച്ചിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. വുഡ്വാർഡിന്റെ വെളിപ്പെടുത്തലുകളെ ട്രംപ് തള്ളിക്കളഞ്ഞു.
2021ലെ വുഡ്വാർഡിന്റെ ‘റെയ്ജ്’ എന്ന പുസ്തകത്തിനായി ട്രംപ് വുഡ്വാർഡുമായി സംസാരിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചതിന് ശേഷം തന്റെ അനുവാദമില്ലാതെ അഭിമുഖത്തിന്റെ റെക്കോർഡിങ്ങുകൾ പുറത്ത് വിട്ടെന്ന് പറഞ്ഞ് ട്രംപ് കേസ് കൊടുത്തിരുന്നു. പ്രസാധകരും വുഡ്വാർഡും ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
പുടിനുമായി ഫോണിൽ സംസാരിക്കുന്ന സമയം, സഹായിയോട് ഫ്ലോറിഡയിലെ തന്റെ റിസോർട്ടിലെ ഓഫീസിൽ നിന്നും പുറത്ത് നിൽക്കാൻ ട്രoപ് ആവശ്യപ്പെട്ടുവെന്നും വുഡ്വാർഡ് പുസ്തകത്തിൽ പറയുന്നു.
പുടിനുമായി പലതവണ ട്രംപ് ഫോൺ സംഭാഷണത്തിലേർപ്പെട്ടിരുന്നുവെന്നും ട്രംപിന്റെ സഹായി പറഞ്ഞു. അതേസമയം ട്രംപിന്റെ ഉപദേശകനും വളരെക്കാലം പരിചയവുമുള്ള ജേസൺ മില്ലർ ട്രംപ്, പുടിനുമായി ഫോൺ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞു. എങ്കിലും ആവശ്യമെങ്കിൽ പുട്ടിനും ട്രംപിനും പരസ്പരം സംസാരിക്കാനാവുമെന്നും മില്ലർ പറഞ്ഞു.
ട്രംപിന്റെ ആശയവിനിമയ ഡയറക്ടറായ സ്റ്റീവ് ചിങ്, വുഡ്വാർഡിന്റെ പുസ്തകത്തിലെ ഉള്ളടക്കത്തിൽ വസ്തുതകളൊന്നുമില്ലെന്നു അഭിപ്രായപ്പെട്ടു.
2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ ട്രംപും പുടിനുമായുള്ള ബന്ധം വിചാരണകൾക്ക് വിധേയമായിട്ടുണ്ട്. ഹിലരി ക്ലിന്റന്റെ 30000ൽപ്പരം ഡിലീറ്റ് ചെയ്യപ്പെട്ട ഇമെയിലുകൾ തിരിച്ചു കിട്ടുവാൻ വേണ്ടിയാണ് അന്ന് റഷ്യയോട് ട്രംപ് ആവശ്യപ്പെട്ടത്. യുഎസ് ഇന്റലിജൻസ് ഏജൻസികൾ 2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ റോബർട്ട് മുല്ലറിന്റെ അന്വേഷണങ്ങളിൽ അത്തരത്തിലൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയിനിന് അമേരിക്ക നൽകുന്ന പിന്തുണയെ ട്രംപ് വിമർശിച്ചിരുന്നു. റഷ്യയുടെ ആവശ്യങ്ങൾക്ക് യുക്രെയ്ൻ വഴങ്ങിക്കൊടുക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.


